പെണ്‍കുഞ്ഞ് ജനിച്ചതറിഞ്ഞ ആഘാതത്തില്‍ പിതാവ് മരിച്ചു
ബലസോര്‍: ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതറിഞ്ഞ ആഘാതത്തെത്തുടര്‍ന്ന് നിലത്തു വീണ് തലയ്ക്ക് പരുക്കേറ്റ യുവാവ് മരിച്ചു.
ഒറീസയിലെ ബദാര്‍ക്ക് ജില്ലയില്‍ ഗംഭാരിയ ഗ്രാമത്തിലെ അക്ഷയകുമാര്‍ സാഹു എന്ന മുപ്പതുകാരനാണ് മരിച്ചത്.
ഞായറാഴ്ച പ്രസവവേദനയെത്തുടര്‍ന്ന് സമീപത്തുള്ള ആശുപത്രിയിലേയ്ക്ക് പോകുംവഴി ആംബുലന്‍സില്‍ വെച്ചാണ് അക്ഷയ്കുമാറിന്റെ ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഇവര്‍ക്ക് രണ്ട് വയസ്സായ മറ്റൊരു മകളും ഉണ്ട്. രണ്ടാമത്തെ കുഞ്ഞ് ആണായിരിക്കണമെന്ന് അക്ഷയ് വളരെയധികം ആഗ്രഹിച്ചിരുന്നുവെന്ന് പിതാവ് ബാലറാം സാഹു പറഞ്ഞു.
രണ്ടാമത്തെതും പെണ്‍കുഞ്ഞാണെന്നറിഞ്ഞ അക്ഷയ് നിലത്തേക്ക് വീഴുകയും തല ചുമരിനിടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അക്ഷയുടെ ചെവിയില്‍ നിന്നും വായില്‍ നിന്നും രക്തസ്രാവം ഉണ്ടായി.
അക്ഷയ്ക്ക് രക്തസമ്മര്‍ദ്ദമോ മറ്റ് അസുഖങ്ങളോ ഉണ്ടായിരുന്നില്ലെന്നും തല ചുമരിനിടച്ചുണ്ടായ ആഘാതമാണ് മരണകാരണമെന്നും ഇയാളെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.
നിയമബിരുദധാരിയായ അക്ഷയ് ജയ്പൂരിലെ ഒരു ഉരുക്കു കമ്പനിയില്‍ കരാറടിസ്ഥാനത്തില്‍ ജോലിനോക്കുകയാണ്. 2003ലാണ് അക്ഷയ് വിവാഹിതനായത്.












Click it and Unblock the Notifications