സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പണിമുടക്കാരംഭിച്ചു
തിരുവനന്തപുരം: ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെജിഎംഒ ആഹ്വാനം ചെയ്ത സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് ബുധനാഴ്ച രാവിലെ ആരംഭിച്ചു.
മിക്ക സര്‍ക്കാര്‍ ആശുപത്രികളിലും അത്യാഹിത വിഭാഗത്തില്‍ മാത്രമെ ഡോക്ടര്‍മാര്‍ ജോലിക്കെത്തിയിട്ടുള്ളു. സമരത്തെ നേരിടുമെന്ന് ആരോഗ്യമന്ത്രി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രത്യേക നിര്‍ദ്ദേശങ്ങളോ നടപടികളോ ഉള്ളതായി തങ്ങള്‍ക്കറിയില്ലെന്നാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നുള്ള വിവരം.
സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രതിഷേധദിനം ആചരിക്കുന്നുണ്ട്. കേരള ഗവ. ഇന്‍ഷുറന്‍സ് മെഡിക്കസ് ഓഫീസേസ് അസോസിയേഷന്‍ ബുധനാഴ്ച കരിദിനം ആചരിക്കാനും ആഹ്വാനം നല്‍കിയിട്ടുണ്ട്.
ഏപ്രില്‍ 17മുതല്‍ നടത്തിവന്നിരുന്ന നിസ്സഹകരണ സമരം ഒത്തുതീര്‍പ്പാകാത്ത സാഹചര്യത്തിലാണ് പണിമുടക്ക് നടത്തുന്നത്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ബുധനാഴ്ച സ്വകാര്യ പ്രാക്ടീസില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് കെജിഎംഒ ഭാരവാഹികള്‍ അറിയിച്ചു.
51 വിഭാഗം വിവിധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തില്‍ വര്‍ധന വരുത്തിയിട്ടും സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ അടിസ്ഥാന ശമ്പളത്തില്‍ കുറവ് വരുത്തിയിരിക്കുകയാണ്. സമരത്തിന്റെ തുടര്‍ച്ചയായി സപ്തംബര്‍ 12മുതല്‍ 26വരെ സെക്രട്ടേറിയറ്റിനുമുന്നില്‍ റിലേ നിരാഹാര സത്യഗ്രഹം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
എന്നിട്ടും പ്രശ്നത്തിന് പരിഹാരമായില്ലെങ്കില്‍ നവംബര്‍ ഒന്നിന് ഡോക്ടര്‍മാര്‍ കൂട്ട രാജി നല്‍കി സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും വിട്ടുപോകുമെന്നും കെജിഎംഒ ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications