മുഹമ്മദ് കമ്മിറ്റി ശുപാര്‍ശ നടപ്പാക്കരുത്: ഉമ്മന്‍ചാണ്ടി
ദില്ലി: പി.എ.മുഹമ്മദ് കമ്മിറ്റി ശുപാര്‍ശ പ്രകാരമുള്ള എന്തെങ്കിലും നടപടിക്ക് സര്‍ക്കാര്‍ തയാറായാല്‍ വീണ്ടുമൊരു നിയമ യുദ്ധത്തിനായിരിക്കും സാധ്യതയൊരുങ്ങുകയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി.
സര്‍ക്കാര്‍ സീറ്റുകളില്‍ കെ.ടി.തോമസ് കമ്മിഷന്‍ ശുപാര്‍ശ ചെയ്ത ഫീസ് ഈടാക്കുന്നത് സര്‍ക്കാര്‍ നിലപാടുകളില്‍ നിന്നുമുള്ള പിന്നോട്ട് പോകലാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രധാനമന്ത്രിയെ കാണാന്‍ സര്‍വകക്ഷി സംഘത്തോടൊപ്പം ദില്ലിയിലെത്തിയ ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
സ്വാശ്രയ പ്രശ്നത്തില്‍ സുപ്രീംകോടതി വിധിക്ക് ഉള്ളില്‍ നിന്നുകൊണ്ടുള്ള പ്രശ്നപരിഹാരത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. മാനേജ്മെന്റിന് അനുവദിച്ചിരിക്കുന്ന 20 ശതമാനം സീറ്റുകളില്‍ പി.എ.മുഹമ്മദ് കമ്മിറ്റി പരിശോധന നടത്തുന്നത് ഇപ്പോള്‍ മാനേജ്മെന്റ് പ്രവേശിപ്പിച്ച ഏതെങ്കിലും ഒരു കുട്ടി പുറത്തുപോകുന്നതിന് വഴിവച്ചാല്‍ അത് സ്വാഭാവികമായും നിയമനടപടിക്ക് വഴിതെളിക്കും. അത് വീണ്ടും നിയമയുദ്ധത്തിലേക്ക് നീങ്ങുകയും ഈ ഒരു വര്‍ഷത്തെ പ്രവേശനത്തെ മുഴുവനായി ബാധിക്കുകയും ചെയ്യും.
അതിനാല്‍ സര്‍ക്കാരും മാനേജ്മെന്റും വിട്ട്വീഴ്ചയ്ക്ക് തയ്യാറാകണം. മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ കോളജുകളിലിലെ ഫീസ് ഈടാക്കി വിട്ടുവീഴ്ച ചെയ്യാന്‍ മാനേജ്മെന്റുകള്‍ തയാറാകണം. പകരം മാനേജ്മെന്റുകള്‍ക്ക് നല്‍കിയിട്ടുള്ള 50 ശതമാനം സീറ്റുകളിലെ പ്രവേശനം ഈ വര്‍ഷം പൂര്‍ണമായും അവരുടെ നിയന്ത്രണത്തില്‍ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
ഫീസടച്ച് കഴിഞ്ഞ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ലഭ്യമാകുന്നതോടൊപ്പം പ്രവേശനം കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്കാര്‍ക്കും സീറ്റ് നഷ്ടമാവാത്ത സാഹചര്യം ഉണ്ടാകണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications