ബിനുവധം: പ്രതികള്‍ക്കു ജീവപര്യന്തം
കോഴിക്കോട്: കല്ലാച്ചി ടൗണില്‍ വച്ച് ജീപ്പ് ഡ്രൈവര്‍ ബിനുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് ശിക്ഷ വിധിച്ചു.
പ്രതികളെല്ലാവരും എന്‍ഡിഎഫ് പ്രവര്‍ത്തകരാണ്. ഇവര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തേതന്നെ വിധിച്ചിരുന്നു.
ഒന്നു മുതല്‍ അഞ്ച് വരെ പ്രതികള്‍ക്ക് 148-ാം വകുപ്പ് പ്രകാരം ഒന്നര വര്‍ഷത്തെ തടവും 12-ാം പ്രതി നൗഫലിന് ഒരു വര്‍ഷത്തെ തടവും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. പ്രതികളില്‍ നിന്നും ഈടാക്കുന്ന തുക കൊല്ലപ്പെട്ട ബിനുവിന്റെ കുടുംബത്തിന് നല്‍കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
വിധി കേട്ട പ്രതികള്‍ തങ്ങളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയയ്ക്കരുതെന്ന് കോടതിയോട് അഭ്യര്‍ത്ഥിച്ചു.
നാദാപുരം കലാപത്തിന് കാരണമായ തിരുവാംപറമ്പ് മാനഭംഗക്കേസിലെ പ്രതിയെന്നാരോപിക്കപ്പെട്ട ബിനുവിനെ കല്ലാച്ചി ടൗണില്‍ വെച്ച് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
ഒന്നു മുതല്‍ അഞ്ച് പ്രതികളും പന്ത്രണ്ടാം പ്രതിയും കുറ്റക്കാരാണെന്നാണ് കോടതി കണ്ടെത്തിയത്. 2001 ജൂണ്‍ 2നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഇതിനിടയില്‍ കേസ് വാദിച്ച അസിസ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ഫോണില്‍ വധഭീഷണിവരെയുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ശിക്ഷ പ്രഖ്യാപിക്കുന്ന ജഡ്ജിക്കും അസി. പ്രോസിക്യൂട്ടര്‍ക്കും പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
ശിക്ഷാവിധി വന്നുകഴിഞ്ഞാല്‍ സംഘര്‍ഷമുണ്ടാകുമെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് നാദാപുരത്തും പരിസരത്തും വന്‍ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.