കൊല്ലത്ത് ജീപ്പും മിനിലോറിയും കൂട്ടിയിടിച്ച് മൂന്ന് മരണം
കൊല്ലം: കൊല്ലം ജില്ലയിലെ കൊട്ടിയത്തിനടുത്ത് പറക്കുളത്ത് ജീപ്പു മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ മരിച്ചു.
ആറുമാസം പ്രായമായ കുഞ്ഞുള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം ചിറയിന്‍കീഴ് പെരുങ്കുഴി ഇടഞ്ഞിമൂല കൃഷ്ണയില്‍ സിന്ധു(38), മകള്‍ അഭിജ വിജയന്‍(12) ഇവരുടെ ബന്ധുവായ നെയ്യാറ്റിന്‍കര പുല്ലുപാറ പാലുവള്ളി വീട്ടില്‍ സുശീല(50) എന്നിവരാണ് മരിച്ചത്.
മൂന്ന് പേരും സംഭവ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയായിരുന്നു. ജീപ്പ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ പറക്കുളത്തിനടുത്ത് ദേശീയ പാതയിലാണ് അപകടം നടന്നത്.
സുശീലയുടെ മകള്‍ റീനയുടെ മകന്‍ നവനീതിന്റെ ചോറൂണിനായി ചക്കുളത്ത് കാവിലേയ്ക്ക് പോകുകയായിരുന്നു ഇവര്‍. മിനിലോറി ഇടിച്ച ജീപ്പ് പലവട്ടം മറിഞ്ഞ് സമീപത്തെ പെട്രോള്‍ പമ്പിലേയ്ക്ക് തെറിച്ച്ചെന്ന് അവിടെ നിര്‍ത്തിയിട്ടിരുന്ന മിനിലോറിയിലും ഇടിച്ചാണ് നിന്നത്.
ആറുമാസം പ്രായമായ നവനീതുള്‍പ്പെടെ പരുക്കേറ്റ ആരുടെയും നിലഗുരുതരമല്ല. പരിക്കേറ്റവരെയെല്ലാം കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മരിച്ച അഭിജയുടെയും സുശീലയുടെയും മൃതദേഹങ്ങള്‍ ഹോളി ക്രോസ് ആശുപത്രിയിലും സിന്ധുവിന്റെ മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലുമാണുള്ളത്.












Click it and Unblock the Notifications