നട്വര്‍സിംഗിനും മകനും നോട്ടീസ് നല്‍കി
ദില്ലി: ഇറാഖിന്റെ ഭക്ഷണത്തിന് പകരം എണ്ണം പരിപാടിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ച് കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുന്‍ വിദേശകാര്യമന്ത്രി നട്വര്‍സിംഗിനും മകന്‍ ജഗത്സിംഗിനും നോട്ടീസ് നല്‍കി.
ജഗത്സിംഗിന്റെ സുഹൃത്ത് ആന്തലീബ് സെഗാള്‍, വികാസ് ധര്‍ എന്നിവര്‍ക്കും ഹാംധന്‍ എക്സ്പോര്‍ട്സ്, ഹാംധന്‍ ഇന്ത്യ എന്നീ കമ്പനികള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. സപ്തംബര്‍ 14നകം നോട്ടീസിന് മറുപടി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഭക്ഷണത്തിന് പകരം എണ്ണ പരിപാടിയുമായി ബന്ധപ്പെട്ട കരാറുകള്‍ ലഭിക്കുന്നതിന് വ്യവസായിയായ ആന്തലീബ് സെഗാളിനെ സദ്ദാം ഹുസൈന്‍ ഭരണക്കാലത്തെ ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തിക്കൊണ്ട് നട്വര്‍സിംഗ് എഴുതിയെന്ന് ആരോപിക്കപ്പെടുന്ന കത്തിനെ കുറിച്ച് നോട്ടീസില്‍ പരാമര്‍ശമുണ്ട്.
നോട്ടീസ് കൈപ്പറ്റിയവര്‍ ഫെമ ലംഘനം നടത്തിയെന്നാണ് ആരോപിക്കപ്പെടുന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ നിയമനടപടിയും പിഴ ശിക്ഷയുമുണ്ടായേക്കും.
2005 ഒക്ടോബറിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസില്‍ അന്വേഷണം തുടങ്ങിയത്. ഭക്ഷണത്തിനു പകരം എണ്ണ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു കൂട്ടം ബാങ്ക് രേഖകള്‍ ഇറാഖില്‍ നിന്നും ജോര്‍ദാനില്‍ നിന്നും ലഭിച്ചതിനെ തുടര്‍ന്ന് ഫിബ്രവരി 17നും 18നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നട്വര്‍സിംഗിനെ ചോദ്യം ചെയ്തിരുന്നു.












Click it and Unblock the Notifications