പൊതുമരാമത്ത് മന്ത്രിസ്ഥാനത്തേയ്ക്ക് ടി.യു കുരുവിള
തിരുവനന്തപുരം: വിമാനയാത്രാ വിവാദത്തെത്തുടര്‍ന്ന് ഇടതുമുന്നണി മന്ത്രിസഭയില്‍ നിന്ന് രാജിവച്ച പൊതുമരാമത്ത് മന്ത്രി പി.ജെ ജോസഫിന്റെ സ്ഥാനത്തേയ്ക്ക് ടി.യു കുരുവിളയെ കേരളകോണ്‍ഗ്രസ്-ജെ അഞ്ചംഗ ഉന്നതതല സമിതി നാമനിര്‍ദ്ദേശം ചെയ്തു.
കഴിയുമെങ്കില്‍ ബുധനാഴ്ചതന്നെ സത്യപ്രതിജ്ഞ നടത്തണമെന്നും ജോസഫ് ഗ്രൂപ്പ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോതമംഗലം എംഎല്‍എ യായ ടി.യു കുരുവിള ആദ്യമായാണ് നിയമസഭാംഗമാകുന്നത്.
കഴിഞ്ഞ നായനാര്‍ മന്ത്രിസഭയില്‍ പി.ജെ ജോസഫ് ഭവനമന്ത്രിയായിരിക്കേ ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം കൈകാര്യം ചെയ്തത് കുരുവിളയായിരുന്നു.
കോതമംഗലം ചേലായ് തോംബ്രയില്‍ കുരുവിള 16വര്‍ഷം തുടര്‍ച്ചയായി കോതമംഗലം താലൂക്കിലെ കീരമ്പാറ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
യാക്കോബായ സഭ അല്‍മായക്കാരനു നല്‍കുന്ന ഏറ്റവും വലിയ പദവിയായ ബാറീത്തോ ഷാരീരോ പദവിയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 66കാരനായ കുരുവിള സിവില്‍ എന്‍ജിനീയറിംഗ് ഡിപ്ലോമ ബിരുദധാരിയാണ്. ചിന്നമ്മയാണ് ഭാര്യ. അഞ്ചുമക്കളുണ്ട്.
പി.ജെ ജോസഫ് കുറ്റവിമുക്തനായി തിരച്ചെത്തും വരെ കുരുവിള മന്ത്രിസ്ഥാനത്തിരിക്കുമെന്നാണ് ധാരണ. തമ്പാനൂരിലെ ഹോട്ടല്‍ മുറിയിലാണ് പുതിയ മന്ത്രിയെ തീരുമാനിയ്ക്കാന്‍ പാര്‍ട്ടി ഉന്നത തലസമിതി യോഗം ചേര്‍ന്നത്.
പി.സി തോമസ് എംപി, ഫ്രാന്‍സിസ് ജോര്‍ജ് എം.പി, ഡോ.കെ.സി ജോസഫ്, ടി.യു കുരുവിള, പി.ജെ ജോസഫ് എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്. യോഗത്തിനിടയില്‍ കുരുവിളയോട് പുറത്തിറങ്ങിനില്‍ക്കാന്‍ പറഞ്ഞശേഷം പി.ജെ ജോസഫ് തന്നെയാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്.
ആ നിര്‍ദ്ദേശത്തെ മറ്റംഗങ്ങള്‍ സ്വീകരിക്കുകയായിരുന്നു. പി.ജെ ജോസഫിന്റെ വിശ്വസ്തന്‍ കൂടിയാണ് കുരുവിള. പാര്‍ട്ടിതീരുമാനം മുഖ്യമന്ത്രി, സിപിഎം സെക്രട്ടറി പിണറായ ി വിജയന്‍, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, ഘടകക്ഷി നേതാക്കളായ വെളിയം ഭാര്‍ഗവന്‍, ടി.ജെ ചന്ദ്രചൂഡന്‍ എന്നിവരെ ജോസഫ് തന്നെയാണ് ഫോണില്‍ വിളിച്ചറിയിച്ചത്.
മുതിര്‍ന്ന നേതാവ് എന്നനിലയിലും പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവ് എന്ന നിലയിലുമാണ് കുരുവിളയെ മന്ത്രിയാക്കാന്‍ തീരുമാനിച്ചതെന്ന് ജോസഫ് വ്യക്തമാക്കി. ഉന്നതതല സമിതി തീരുമാനം പിന്നീട് എംഎല്‍എമാരെ അറിയിച്ച് അവരുടെ സമ്മതവും വാങ്ങി.












Click it and Unblock the Notifications