വി. ബാലറാം ഡിഐസി വിട്ടു
തൃശൂര്‍: കെ.കരുണാകരന്റെയും കെ.മുരളീധരന്റെയും വിശ്വസ്തനായ ഡിഐസി തൃശൂര്‍ ജില്ലാ പ്രസിഡന്റ് വി.ബാലറാം ഡിഐസി വിട്ടു.
ഡിഐസി തൃശൂര്‍ ജില്ലാ ഘടകത്തിലെ ഭൂരിഭാഗം ഭാരവാഹികളും ബാലറാമിനൊപ്പം പാര്‍ട്ടി വിട്ടിട്ടുണ്ട്. എന്‍സിപിയുമായുള്ള ലയനത്തില്‍ പ്രതിഷേധിച്ചാണ് ബാലറാമും കൂട്ടരും ഡിഐസി വിട്ടത്.
തൃശൂരിലെ ഡിഐസി ജില്ലാ ഓഫീസില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് പാര്‍ട്ടി വിടാനുള്ള തീരുമാനം ബാലറാം മാധ്യമങ്ങളെ പ്രഖ്യാപിച്ചത്. ലയനം നടന്നില്ലെങ്കില്‍ തിരിച്ച് ഡിഐസിയിലേക്ക് വരുമെന്നും ബലറാം വ്യക്തമാക്കി. ഭാവികാര്യങ്ങള്‍ സമാനചിന്താഗതിക്കാരുമായി ആലോചിച്ചശേഷം തീരുമാനിക്കുമെന്ന് ബലറാം പറഞ്ഞു.
അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഡിഐസി നേതാക്കള്‍ ബാലറാമിന്റെ വഴി സ്വീകരിച്ചേക്കുമെന്ന് സൂചനയുണ്ട്.
2004ല്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ച് എ.കെ.ആന്റണി മന്ത്രിസഭയില്‍ അംഗമായ കെ.മുരളീധരനു നിയമസഭയിലേക്ക് മത്സരിക്കാന്‍ വടക്കാഞ്ചേരി മണ്ഡലത്തിലെ എംഎല്‍എ ആയിരുന്ന ബാലറാം രാജിവച്ചിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച മുരളിക്ക് മന്ത്രിസ്ഥാനം നഷ്ടമായി. പിന്നീട് എംഎല്‍എ സ്ഥാനം ത്യജിച്ചതിന് പ്രത്യുപകാരമായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ ബാലറാമിനെ സ്ഥാനാര്‍ത്ഥിയാക്കി. തിരഞ്ഞെടുപ്പില്‍ ബാലറാം തോറ്റു. പിന്നീട് കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോഴും ഡിഐസി രൂപീകരിച്ചപ്പോഴും കൂടെനിന്ന ബാലറാമും ഇപ്പോള്‍ കരുണാകരനുമായി തെറ്റിപ്പിരിഞ്ഞ അദ്ദേഹത്തിന്റെ മുന്‍കാല വിശ്വസ്തരുടെ കൂട്ടത്തിലെത്തുകയാണ്.












Click it and Unblock the Notifications