പി.ശങ്കരനും ഡിഐസി വിട്ട് കോണ്‍ഗ്രസിലേയ്ക്ക്
കോഴിക്കോട്: മുന്‍ മന്ത്രിയും ഡിഐസി സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.ശങ്കരന്‍ പാര്‍ട്ടി വിട്ടു. എന്‍സിപിയുമായി ലയിക്കാന്‍ പാര്‍ട്ടിയ്ക്കകത്തുനടക്കുന്ന നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് രാജി.
കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഡിഐസി വിടാനുള്ള തീരുമാനം ശങ്കരന്‍ അറിയിച്ചത്. മാതൃസംഘടനയായ കോണ്‍ഗ്രസ്സിലേയ്ക്ക് തിരിച്ചുപോകാനാണ് താന്റെ തീരുമാനമെന്നും ശങ്കരന്‍ പത്രിസമ്മേളനത്തില്‍ വ്യക്തമാക്കി.
കോണ്‍ഗ്രസിന്റെ യഥാര്‍ത്ഥ മൂല്യങ്ങള്‍ ഉയത്തിപ്പിടുച്ചുകൊണ്ട് രൂപീകരിച്ച പാര്‍ട്ടിയാണ് ഡിഐസി. ഇന്ന് ആ പാര്‍ട്ടി നിലവിലില്ല. കേരളരാഷ്ട്രീയത്തില്‍ ഡിഐസിയ്ക്ക് ഒരു തരത്തിലുമുള്ള സാധ്യതയുമില്ലെന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് താന്‍ പാര്‍ട്ടി വിട്ട് മാതൃസംഘടനയിലേക്ക് മടങ്ങുന്നത്-ശങ്കരന്‍ പറഞ്ഞു.
ഡിഐസിയുടെ ശക്തികേന്ദ്രമാണ് കോഴിക്കോട്. കരുണാകരനുമായി ആത്മബന്ധമുള്ള ഏറെപേര്‍ ഇവിടെയുണ്ട്. വളരെ വേദനയോടെയാണ് ഞങ്ങള്‍ മാതൃസംഘടനയിലേക്ക് മടങ്ങിപ്പോകുന്നത്.
യഥാര്‍ത്ഥ കോണ്‍ഗ്രസിന്റെ ലക്ഷ്യം സാക്ഷാത്ക്കരിക്കുന്നതിന് വേണ്ടിയാണ് താനടക്കമുള്ള ഒമ്പത് എംഎല്‍എമാര്‍ രാജിവച്ച് ഡിഐസിയില്‍ ചേര്‍ന്നത്. എന്നാല്‍ ഇന്ന് ആ ലക്ഷ്യത്തില്‍ നിന്നും പാര്‍ട്ടി മാറി അവസരവാദ രാഷ്ട്രീയം കളിക്കുന്ന പവാറുമായി ചേരാന്‍ തീരുമാനിച്ചതില്‍ തങ്ങള്‍ക്ക് കടുത്ത പ്രതിഷേധിമുണ്ട്.
ഇന്ദിരാഗാന്ധിയുമായി ഏറ്റവും അടുത്ത് വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന ആളായിരുന്നു കരുണാകരന്‍. ഇന്ന് അദ്ദേഹം ഇന്ദിരാഗാന്ധിയെ അടക്കമുള്ള നേതാക്കളെ തള്ളിപ്പറഞ്ഞ പവാറുമായി കൂട്ടുകൂടാനുള്ള തീരുമാനത്തിലാണ്. കരുണാകരന്‍ അടക്കമുള്ള നേതാക്കള്‍ യോഗം ചേര്‍ന്നാണ് പവാറിനെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്.
ലീഡറെ താനിപ്പോഴും ദൈവതുല്യനായി ആരാധിക്കുന്നെന്നും എന്നാല്‍ കരുണാകരനേക്കാള്‍ കോണ്‍ഗ്രസിനോടാണ് തനിക്ക് ആത്മബന്ധമെന്നും ശങ്കരന്‍ പറഞ്ഞു.












Click it and Unblock the Notifications