ശോഭനാ ജോര്‍ജിനെതിരെ കുറ്റപത്രം രണ്ടു മാസത്തിനകം
തിരുവനന്തപുരം: മുന്‍ മന്ത്രി കെ.വി.തോമസിനെ ഹവാല കേസില്‍ കുടുക്കാന്‍ വ്യാജരേഖ ഉണ്ടാക്കിയ കേസില്‍ മുന്‍ എംഎല്‍എ ശോഭനാ ജോര്‍ജിനെതിരെ രണ്ടു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
കേസില്‍ അന്വേഷണം നടക്കുന്നില്ലെന്നും അതിനാല്‍ കേസ് സിബിഐക്ക് വിടണമെന്നും കാണിച്ച് ക്രൈം വാരിക എഡിറ്റര്‍ ടി.പി.നന്ദകുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. സര്‍ക്കാരിനു വേണ്ടി ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ പി.ജി.തമ്പിയാണ് കോടതിയില്‍ ഹാജരായത്.
ശോഭനാ ജോര്‍ജ് എംഎല്‍എ ആയിരുന്ന സമയത്ത് കുറ്റപത്രം സമര്‍പ്പിക്കാന്‍ പ്രത്യേക അനുമതി ആവശ്യമായിരുന്നതിനാല്‍ കാലതാമസം വന്നിട്ടുണ്ടെന്നും ഇപ്പോള്‍ എംഎല്‍എ അല്ലാത്തതിനാല്‍ പ്രത്യേക അനുമതി ആവശ്യമില്ലെന്നും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചു.
പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ഹര്‍ജിയിലുള്ള തുടര്‍ നടപടികള്‍ അവസാനിപ്പിച്ചു.
336 കോടിയുടെ ഹവാല ഇടപാടില്‍ ടൂറിസം-ഫിഷറീസ് മന്ത്രിയായിരുന്ന കെ.വി.തോമസിന് പങ്കുണ്ടെന്ന് വരുത്താന്‍ 2002 ജൂണില്‍ വ്യാജരേഖ ചമച്ച കേസില്‍ ശോഭനാ ജോര്‍ജും മറ്റ് ഏഴ് പേരും പ്രതികളാണ്.












Click it and Unblock the Notifications