മില്‍മ പാല്‍പ്പൊടി നിര്‍മ്മാണ കേന്ദ്രം തുടങ്ങുന്നു
കോഴിക്കോട്: സംസ്ഥാനത്തെ പ്രമുഖ പാല്‍വിതരണ കമ്പനിയായ മില്‍മ മലബാര്‍ മേഖലയില്‍ പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ് തുടങ്ങാന്‍ പദ്ധതിയിടുന്നു.
അടുത്തിടെ പാലക്കാട്ട് ചേര്‍ന്ന കേരള കോ-ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ജനറല്‍ ബോഡി യോഗത്തിലാണ് പുതിയതായി ഒരു പാല്‍പ്പൊടി നിര്‍മ്മാണകേന്ദ്രം നിര്‍മ്മിക്കുകയെന്ന നിര്‍ദ്ദേശം ഉയര്‍ന്നുവന്നത്.
പദ്ധതിയില്‍ തുടര്‍ നടപടികള്‍ക്കായി ഈ നിര്‍ദ്ദേശം താമസിയാതെ സര്‍ക്കാറിന് സമര്‍പ്പിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ പി.ടി.ഗോപാലക്കുറുപ്പ് പറഞ്ഞു. പതിനൊന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മില്‍മയ്ക്ക് നിലവിലുള്ള ഒരു പാല്‍പ്പൊടി നിര്‍മാണകേന്ദ്രം പ്രവര്‍ത്തിക്കുന്നത് ആലപ്പുഴയിലാണ്. പുതിയത് വയനാട്ടിലോ പാലക്കാട്ടോ നിര്‍മിക്കാനാണ് സാധ്യത.
മലബാര്‍ മേഖലയില്‍ മില്‍മയിലൂടെ പാല്‍ശേഖരിക്കുന്നതിന്റെ തോത് 2005-2006വര്‍ഷങ്ങളില്‍ 13 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. എന്നാല്‍ വില്പനയുടെ കാര്യത്തില്‍ അഞ്ച് ശതമാനം വര്‍ദ്ധനമാത്രമേ ഉണ്ടായിട്ടുള്ളു.
മലബാര്‍ മേഖലയില്‍ മാത്രം 800 സൊസൈറ്റികള്‍ വഴി 3. 65ലക്ഷം ലിറ്റര്‍ പാല്‍ പ്രതിദിനം സംഭരിക്കുന്നുണ്ട്. വിതരണത്തിന് ശേഷം ഇതില്‍ ഒരു ലക്ഷം ലിറ്റര്‍ പാല്‍ ബാക്കിവരുകയാണ്.
ഇത് മറ്റ് രണ്ട് പ്രാദേശിക യൂണിറ്റുകളിലേയ്ക്കും പാല്‍പ്പൊടി നിര്‍മ്മാണകേന്ദ്രത്തിലേയ്ക്കും നല്‍കുകയാണ് പതിവ്. ഇങ്ങനെ ഒരു ലിറ്റര്‍ പാല്‍ മറ്റ് യുണിറ്റുകളില്‍ എത്തിക്കുന്നതിനായി 1.50 രൂപ ചിലവാകും. എന്നാല്‍ ഈ മേഖലയില്‍ത്തന്നെ പാല്‍പ്പൊടി നിര്‍മ്മാണകേന്ദ്രം സ്ഥാപിക്കുകയാണെങ്കില്‍ ഈ ചെലവ് ചുരുക്കാം-മില്‍മ അധികൃതര്‍ പറയുന്നു.
ഇപ്പോള്‍ വയനാട്, പാലക്കാട്, കാസര്‍കോട് ജില്ലകള്‍ക്കായി സങ്കരയിനം പശുക്കളെ വിതരണം ചെയ്യാനുള്ള പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അംഗാകാരം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം 3,000കര്‍ഷകര്‍ക്ക് ഇത്തരം പശുക്കളെ ലഭിക്കും.
അപ്പോള്‍ ഈ മേഖലയിലെ പാലുല്പാദനം വര്‍ദ്ധിക്കും. ഈ അവസരം ഫലപ്രദമായി ഉപയോഗപ്പെടുത്തി, ഉല്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തിയാല്‍ ക്ഷീര കര്‍ഷകമേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധിയ്ക്ക് ഒരളവുവരെ പരിഹാരമാകുംമെന്നും മില്‍മ അധികൃതര്‍ പ്രതീക്ഷ പുലര്‍ത്തുന്നു.












Click it and Unblock the Notifications