ഫീസ് സൗജന്യം: ചര്‍ച്ചയില്‍ ധാരണയായില്ല
തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിംഗ്, നഴ്സിംഗ് കോളജുകളിലെ അമ്പത് ശതമാനം സര്‍ക്കാര്‍ സീറ്റുകളില്‍ ഫീസ് സൗജന്യം നല്‍കുന്നത് സംബന്ധിച്ച് മാനേജ്മെന്റുകളുമായി വിദ്യാഭ്യസ മന്ത്രി എം.എ ബേബി വ്യാഴാഴ്ച നടത്തിയ ചര്‍ച്ചയില്‍ ധാരണയായില്ല.
എന്നാല്‍ രാത്രി ഏറെ വൈകി നടന്ന ചര്‍ച്ചയില്‍ ഡന്റല്‍ കോളജുകളില്‍ ഇക്കൊല്ലത്തെ പ്രവേശനം നടത്തുന്നത് സംബന്ധിച്ച് ധാരണയിലെത്തുകയും ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിടുകയും ചെയ്തു.
വെള്ളിയാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്യാനിരിക്കുന്നതിനാല്‍ കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടാന്‍ കഴിയില്ലെന്ന് ഡന്റല്‍ കോളജ് മാനേജ്മെന്റുകള്‍ അറിയിച്ചു.
മുഴുവന്‍ സീറ്റിലും കെ.ടി തോമസ് കമ്മിറ്റി ഫീസ് ലഭിക്കണമെന്ന് ആവശ്യപ്പെട്ട എന്‍ജിനീയറിംഗ് മാനേജ്മെന്റുകള്‍ സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം നല്‍കുന്ന ദാരിദ്യ്ര രേഖയ്ക്കു താഴെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പകുതി ഫീസ് സൗജന്യം നല്‍കാമെന്ന് അറിയിച്ചു.
പക്ഷേ ഈ നിര്‍ദ്ദേശം മാനേജ്മെന്റുകള്‍ സ്വന്തമായി നടപ്പാക്കണമെന്നായിരുന്നു മന്ത്രിയുടെ നിലപാട്. സര്‍ക്കാര്‍ സീറ്റില്‍ പ്രവേശനം ലഭിക്കുന്ന ദാരിദ്യ്ര രേഖയ്ക്കു താഴെയുള്ള പതിനഞ്ചു ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഈ വര്‍ഷം ഇളവു നല്‍കൂ.
മാനേജ്മെന്റ് ഫീസ് 38,700 രൂപയില്‍ നിന്ന് 45,700രൂപയും സര്‍ക്കാര്‍ ഫീസ് 6,200ല്‍നിന്ന് 10,000രൂപയുമാക്കിക്കൊണ്ട് അമ്പത് ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസ് നടപ്പാക്കണമെന്ന മന്ത്രിയുടെ നിര്‍ദ്ദേശം മാനേജ്മെന്റുകള്‍ തള്ളിക്കളഞ്ഞു.
മാനേജ്മെന്റ് സീറ്റില്‍ പ്രവേശനം നേടുന്നവരില്‍ നിന്ന് കൂടുതല്‍ ഫീസ് ഈടാക്കാനാവില്ലെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ വ്യക്തമാക്കി.
പ്ലസ്റുവിന് 50ശതമാനം മാര്‍ക്ക് വേണമെന്ന സര്‍വ്വകലാശാലകളുടെ നിബന്ധനയ്ക്കെതിരെ പല എന്‍ജിനീയറിംഗ് കോളജുകളും ഹൈക്കോടതിയില്‍ നിന്നു വിധിവാങ്ങിയ സാഹചര്യത്തില്‍ മറ്റു കോളജുകളും ഈ മാര്‍ഗം സ്വീകരിക്കാനാണ് തീരുമാനം.
മാനേജ്മെന്റുകളുടെ പരാതികള്‍ എഴുതിക്കൊടുത്താല്‍ പരിശോധിക്കാമെന്ന് ബേബി ഉറപ്പുനല്‍കി.
മുന്‍വര്‍ഷത്തെപ്പോലെ മുഴുവന്‍ സീറ്റിലും കെ.ടി തോമസ് കമ്മിഷന്‍ ശുപാര്‍ശചെയ്ത ഫീസ് ലഭിക്കണമെന്ന് നഴ്സിംഗ് കോളജ് മാനേജ്മെന്റുകള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു.
തങ്ങള്‍ക്ക് ആക അമ്പത് സീറ്റ് മാത്രമേയുള്ളു. കോളജ് നടത്തിപ്പ് ചെലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ കെ.ടി തോമസ് കമ്മറ്റി നിര്‍ദ്ദേശിച്ച ഫീസ് കുറവാണ്.
സര്‍വ്വകലാശാലകള്‍ നടത്തുന്ന സ്കൂള്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷനില്‍ 56,000രൂപയാണ് ഈടാക്കുന്നതെന്നും സര്‍ക്കാര്‍ ഫീസായ 9,090രൂപ വാങ്ങി പഠിപ്പിക്കുന്നകാര്യം ആലോചിക്കാന്‍ കഴിയില്ലെന്നും നഴ്സിംഗ് കോളജ് മാനേജ്മെന്റുകള്‍ വ്യക്തമാക്കി.
എന്നാല്‍ കെ.ടി തോമസ് കമ്മിറ്റി ഫീസായ 76,000രൂപ ലഭിച്ചാല്‍ പോലും കോളജ് നടത്തിക്കൊണ്ടുപോകുന്ന കാര്യം ബുദ്ധിമുട്ടാണെന്നും പക്ഷേ ഈ അധ്യയനവര്‍ഷത്തില്‍ എല്ലാ സീറ്റിലും ഈ തുക ലഭിച്ചാല്‍ മതിയെന്നും ഡന്റല്‍ കോളജ് മാനേജ്മെന്‍ുകള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
സ്വാശ്രയ നിയമത്തിലെ ന്യൂനപക്ഷ വ്യവസ്ഥ സംബന്ധിച്ച് മതമേലധ്യക്ഷന്മാരുമായി വെള്ളിയാഴ്ച മുഖ്യമന്ത്രി നേരിട്ടു ചര്‍ച്ച നടത്തും.












Click it and Unblock the Notifications