എഞ്ചിനീയറിംഗിനും നഴ്സിംഗിനും ഉയര്‍ന്ന ഫീസ്
തിരുവനന്തപുരം: മാനേജ്മെന്റുകളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നിശ്ചയിച്ച ഫീസ് അനുസരിച്ചായിരിക്കും ഇത്തവണത്തെ പ്രവേശനമെന്ന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി അറിയിച്ചു. ഇതുപ്രകാരം സ്വകാര്യ മെഡിക്കല്‍കോളജുകളിലെ മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസായിരിക്കും ഈടാക്കുക. അതേ സമയം എഞ്ചിനീയറിംഗ്, നഴ്സിംഗ്, ബിഎഡ് കോഴ്സുകളിലെ മെറിറ്റ് സീറ്റില്‍ കെ.ടി.തോമസ് കമ്മിഷന്‍ നിശ്ചയിച്ച ഉയര്‍ന്ന ഫീസായിരിക്കും.
മെഡിക്കല്‍ സീറ്റുകളില്‍ 45 ശതമാനം സീറ്റിലേയ്ക്കാവശ്യമായ സ്കോളര്‍ഷിപ്പ് തുക മാനേജ്മെന്റുകള്‍ നല്‍കും. ബാക്കി അഞ്ച് ശതമാനം വിദ്യാര്‍ത്ഥികളുടെ ഫീസ് സര്‍ക്കാറായിരിക്കും അടയ്ക്കുക.
ഡന്റല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റില്‍ 35,000രൂപയും മാനേജ്മെന്റ് സീറ്റില്‍ ഒരു ലക്ഷം രൂപയുമായിരിക്കും ഈടാക്കുക. പട്ടിക വിഭാഗക്കാരുടെ ഫീസ് സര്‍ക്കാര്‍ നല്‍കും. ഡന്റല്‍ കോളജുകളിലെ എല്ലാ സീറ്റിലും 76,000രൂപയാണ് കെ.ടി തോമസ് കമ്മറ്റി നിശ്ചയിച്ചിരിക്കുന്നത്. ഈ വ്യവസ്ഥ പി.എ മുഹമ്മദ് കമ്മറ്റിയും അംഗീകരിച്ചിരുന്നു.
സ്വാശ്രയ എന്‍ജീനീയറിംഗ് കോളജുകളിലാകട്ടെ എല്ലാ സീറ്റിലും കെ.ടി തോമസ് കമ്മറ്റി ഫീസായിരിക്കും ഈടാക്കുക. ദാരിദ്യ്ര രേഖയ്ക്കു താഴെയുള്ള 15ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് പകുത് ഫീസ് സൗജന്യം നല്‍കാമെന്ന് മാനേജ്മെന്റുകള്‍ പറഞ്ഞിരുന്നെങ്കിലും സര്‍ക്കാര്‍ ഇക്കാര്യം അംഗീകരിച്ചിട്ടില്ല. അവര്‍ക്ക് വേണമെങ്കില്‍ സ്വമേധയാ സൗജന്യം നല്‍കാമെന്നാണ് സര്‍ക്കാര്‍ നിലപാട്.
സ്വാശ്രയ ബിഎഡ്, നഴ്സിംഗ് കോളജുകളിലും കെ.ടി തോമസ് കമ്മിറ്റി ഫീസ് തന്നെയായിരിക്കും. ബിഎഡ് കോളജുകള്‍ പട്ടികവിഭാഗക്കാര്‍ക്ക് സൗജന്യം നല്‍കാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇക്കാര്യം ധാരണയായില്ല.
സംസ്ഥാനത്തെ മെഡിക്കല്‍, എന്‍ജിനീയറിംഗ് കോഴ്സുകളിലേയ്ക്ക് ഓപ്ഷന്‍ രജിസ്റര്‍ ചെയ്യാനുള്ള സമയം ഞായറാഴ്ചയിലേയ്ക്ക് നീട്ടിയിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് അഞ്ചുവരെ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷന്‍ രജിസ്റര്‍ ചെയ്യാം. ആദ്യ അലോട്ട്മെന്റ് ഞായറാഴ്ച രാത്രി എട്ടുമണിയ്ക്കു നടക്കും.
സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ സര്‍ക്കാര്‍ സീറ്റില്‍ ഫീസ് സൗജന്യം നല്‍കുന്ന കാര്യം ധാരണയായതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷന്‍ മാറ്റി നല്‍കുന്നതിനാണ് സമയം നീട്ടിനല്‍കിയിരിക്കുന്നത്.
പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ 19, 20 തിയ്യതികളില്‍ ഫീസ് അടയ്ക്കണം. ഈ തിയ്യതികളില്‍ ഫീസ് അടയ്ക്കാത്തവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കും.
ഇതേ തിയ്യതികളില്‍ ഉയര്‍ന്ന ഓപ്ഷന്‍ റദ്ദാക്കാനും, ഏതെങ്കിലും ഓപ്ഷന്‍ നീക്കാനും ഓപ്ഷന്റെ മുന്‍ഗണനയില്‍ മാറ്റം വരുത്താനും അവകാശം ഉണ്ടായിരിക്കും. ആദ്യത്തെ റീ അലോട്ടമെന്റ് 22ന് നടക്കും. നേരത്തേ പ്രഖ്യാപിച്ച മറ്റ് തിയ്യതികളില്‍ മാറ്റമില്ല.
സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ള സഹകരണ മെഡിക്കല്‍ കോളജില്‍ 2006ലെ നിയമം നടപ്പാക്കുമ്പോള്‍ ജനറല്‍ മെറിറ്റില്‍ പ്രവേശനം ലഭിക്കുന്നവര്‍ 1.13ലക്ഷം രൂപ ഫീസ് നല്‍കണം.
സ്വകാര്യ മെഡിക്കല്‍ കോളജുകളില്‍ ഫീസ് സൗജന്യം നല്‍കുന്നു എന്നതുകൊണ്ട് ഈ വ്യവസ്ഥ മാറ്റാന്‍ കഴിയില്ല. ഈ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുന്നതിനെക്കുറിച്ച് കാനറ ബാങ്കുമായി ചര്‍ച്ച നടക്കുന്നുണ്ട്.
പരിയാരം മെഡിക്കല്‍ കോളജില്‍അമ്പത് ശതമാനം സീറ്റില്‍ സര്‍ക്കാര്‍ ഫീസേ ഈടാക്കാവൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും കോളജിന്റെ നിയന്ത്രണം സംബന്ധിച്ച് ഇപ്പോഴും ആശയക്കുഴപ്പമുണ്ടെന്ന് മന്ത്രി എം.എ ബേബി പറഞ്ഞു.












Click it and Unblock the Notifications