സപ്ലൈകോയില്‍ വന്‍ക്രമക്കേട് കണ്ടെത്തി
തിരുവനന്തപുരം: സപ്ലൈകോയുടെ സംസ്ഥാനത്തെ വില്പനശാലകളില്‍ വന്‍ ക്രമേക്കേട് കണ്ടെത്തി. ക്രമക്കേടിനെത്തുടര്‍ന്ന് ഡിപ്പോ മാനേജര്‍മാരെ സസ്പെന്റ് ചെയ്തു.
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നേരിട്ട് നടത്തിയ അന്വേഷണത്തിലാണ് ഈ ക്രമക്കേട് കണ്ടെത്തിയത്. കഴിഞ്ഞ ആറുമാസത്തെ വില്പനയിലും സാധനങ്ങള്‍ വാങ്ങിയതിലും ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയത്.
ജനങ്ങള്‍ നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് സപ്ലൈകോയുടെ വിജിലന്‍സ് വിഭാഗവും ഓഡിറ്റ് വിഭാഗവും അന്വേഷണം നടത്തിയത്. എട്ട് മാസത്തേയ്ക്കുള്ള സാധനങ്ങള്‍ ഒറ്റയടിയ്ക്ക് വാങ്ങി, ഗുണ മേന്മ കുറഞ്ഞ സാധനങ്ങള്‍ വാങ്ങി വിറ്റു, വിറ്റ സാധനങ്ങളുടെ വില കൃത്യമായി സപ്ലൈകോയുടെ അക്കൗണ്ടില്‍ അടച്ചില്ല, കൂടിയ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങി എന്നിവയാണ് പ്രധാന ക്രമക്കേടുകള്‍.
കാഞ്ഞങ്ങാട്, തിരൂര്‍, കൊച്ചി, വൈക്കം എന്നിവിടങ്ങളിലെ ഡിപ്പോ മാനേജര്‍മാരെയും പുനലൂര്‍ മെഡിക്കല്‍ സ്റോര്‍ മാനേജര്‍, അരൂര്‍ ഓപ്പണ്‍ മാര്‍ക്കറ്റ് മാനേജര്‍, കോഴിക്കോട് സൂപ്പര്‍ മാര്‍ക്കറ്റ് മാനേജര്‍ എന്നിവരെയുമാണ് സസ്പെന്റ് ചെയ്തത്.
ചില വില്പന ശാലകളില്‍ കംപ്യൂട്ടര്‍ സോഫ്റ്റ്വെയറില്‍ തിരിമറി കാട്ടി വിലനിലവാരം തെറ്റായി രേഖപ്പെടുത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് സപ്ലൈകോയില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടന്നു വരികയാണ്.












Click it and Unblock the Notifications