എന്‍ജിനീയറിംഗ്: കെ.ടി തോമസ് കമ്മിഷന്‍ ഫീസ് ഈടാക്കും
തിരുവനന്തപുരം: സ്വാശ്രയ എന്‍ജിനീയറിംഗ് കോഴ്സിന്റെ ഫീസ് സംബന്ധിച്ച് സര്‍ക്കാറുമായി ഇനി ചര്‍ച്ചയില്ലെന്ന് എന്‍ജിനീയറിംഗ് കോളജ് മാനേജ്മെന്റുകള്‍ തീരുമാനിച്ചു.
ഞായറാഴ്ച വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയുമായി നടത്താനിരുന്ന ചര്‍ച്ചിയില്‍ നിന്നും മാനേജ്മെന്റുകള്‍ പിന്‍മാറി.
ഇതോടെ ഈ അധ്യയന വര്‍ഷം 50:50 എന്ന അനുപാതത്തില്‍ ജസ്റിസ് കെ.ടി തോമസ് കമ്മിഷന്‍ നിശ്ചയിച്ച ഫീസ് വിദ്യാര്‍ത്ഥികളില്‍ നിന്നീടാക്കാനും മാനേജ്മെന്റുകള്‍ തീരുമാനിച്ചിട്ടുണ്ട്.
ഞായറാഴ്ച സ്വാശ്രയമാനേജ്മെന്റ് പ്രതിനിധികള്‍ നടത്തിയ ദീര്‍ഘമായ ചര്‍ച്ചയ്ക്കൊടുവിലാണ് മാനേജ്മെന്റുകള്‍ ഈ തീരുമാനിത്തില്‍ എത്തിച്ചേര്‍ന്നത്. ഇക്കാര്യത്തില്‍ മാനേജ്മെന്റ് പ്രതിനിധികള്‍ തമ്മില്‍ അഭിപ്രായ സമന്വയത്തില്‍ എത്തിച്ചേരാഞ്ഞതും സര്‍ക്കാറുമായുള്ള ചര്‍ച്ചയ്ക്ക് തടസ്സമായി.
മാനേജ്മെന്റ് തീരുമാനമനുസരിച്ച് മെറിറ്റ് മാനേജ്മെന്റ് സീറ്റുകളില്‍ 38,700 രൂപ ഫീസ് ഈടാക്കുമെന്ന് മാനേജ്മെന്റ് അസോസിയേഷന്‍ പ്രസിഡന്റ് ജി.പി.സി നായര്‍ പറഞ്ഞു.
മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്ന ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള 15ശതമാനം വിദ്യാര്‍ത്ഥികള്‍ ഈ ഫീസിന്റെ അമ്പതു ശതമാനം നല്‍കിയാല്‍ മതിയാകും.
സര്‍ക്കാറുമായി സെപ്തംബര്‍ 14 നടന്ന ചര്‍ച്ചിയിലും മാനേജ്മെന്റുകള്‍ ഈ അഭിപ്രായം മുന്നോട്ടുവെച്ചിരുന്നെങ്കിലും മെറിറ്റ് സീറ്റില്‍ സര്‍ക്കാര്‍ ഫീസ്തന്നെ വേണമെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
വിദ്യാര്‍ത്ഥികളുടെ പ്രവേശനത്തിന് കേരള, കാലിക്കറ്റ് സര്‍വ്വകലാശാലകള്‍ മിനിമം മാര്‍ക്കായി 50ശതമാനം നിശ്ചയിച്ചപ്പോള്‍ എന്‍ജിനീയറിംഗ് പ്രവേശനപ്പരീക്ഷകള്‍ക്കുള്ള അറിയിപ്പില്‍ 35ശതമാനം മാര്‍ക്കാണ് പറഞ്ഞിട്ടുള്ളത്.
മഹാത്മാ ഗാന്ധി സര്‍വ്വകാലാശാലയും കൊച്ചി സര്‍വ്വകലാശാലയുമാണ് പ്രോസ്പെക്ടില്‍ പറഞ്ഞ പ്രകാരം 35ശതമാനം മാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. ഈ വ്യത്യാസത്തെ വിദ്യാര്‍ത്ഥികള്‍ കോടതിയില്‍ ചോദ്യം ചെയ്യുമെന്ന മറുപടിയാണ് മാനേജ്മെന്റ് പ്രതിനിധികള്‍ നല്‍കുന്നത്.
സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റ് കണ്‍സോര്‍ഷ്യം നടത്തിയ പരീക്ഷയില്‍ ക്രമക്കേടുണ്ടെന്ന ജസ്റിസ് പി.എ മുഹമ്മദ് കമ്മറ്റിയുടെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ മെഡിക്കല്‍ മാനേജ്മെന്റുമായി ചര്‍ച്ച നടത്തിയത്.
എന്നാല്‍ എന്‍ജിനീയറിംഗ് മാനേജ്മെന്റിന്റെ കാര്യത്തില്‍ സര്‍ക്കാറിന് മുന്നോട്ടുവെയ്ക്കാന്‍ നിബന്ധനകളൊന്നുമില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് മാനേജ്മെന്റുകള്‍ ഏകപക്ഷീയമായ ഒരു തീരുമാനത്തിലെത്തിയതെന്ന് പറയപ്പെടുന്നു.












Click it and Unblock the Notifications