ജോസഫ് വിവാദം: സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ്
കൊച്ചി: മുന്‍മന്ത്രി പി.ജെ. ജോസഫ് വിമാനത്തില്‍ സഹയാത്രികയെ പീഡിപ്പിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ നിലപാട് വ്യക്തമാക്കാനാവശ്യപ്പെട്ട് സര്‍ക്കാരിന് നോട്ടീസ് അയക്കാന്‍ ഹൈക്കോടതി ഉത്തരവായി.
വിമാനയാത്രാ വിവാദവുമായി ബന്ധപ്പെട്ട് പൊലീസ് ക്രിമിനല്‍കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന സിമി റോസ്ബെല്‍ ജോണിന്റെ ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. ചീഫ് ജസ്റിസ് വി.കെ ബാലി, ജസ്റിസ് എം.രാമചന്ദ്രന്‍ എന്നിവരുള്‍പ്പെടുന്ന ഡിവിഷന്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
ഐജി ബി.സന്ധ്യ നടത്തിയ തെളിവെടുപ്പില്‍ ലക്ഷ്മി ഗോപകുമാര്‍ വിമാനത്തില്‍ നടന്ന സംഭവത്തെക്കുറിച്ച് അനന്തര നടപടിക്ക് ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞതായി അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചു.
ഹര്‍ജിക്കാരിയായ സിമി റോസ്ബെല്‍ ജോണിനു വേണ്ടി ഹാജരായ അഡ്വ.കെ.രാംകുമാര്‍ അഡ്വക്കേറ്റ് ജനറലിന്റെ പരാമര്‍ശത്തെ എതിര്‍ത്തു. കേസെടുക്കണമെന്നാണ് പരാതിക്കാരിയായ ലക്ഷ്മി ഗോപകുമാര്‍ ഇപ്പോഴും ആവശ്യപ്പെടുന്നതെന്ന് രാംകുമാര്‍ കോടതിയെ അറിയിച്ചു.
ലക്ഷ്മി ഗോപകുമാര്‍ ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ രാംകുമാറിന് അയച്ച കത്ത് കോടതിക്ക് കൈമാറി. എന്നാല്‍ കത്തിലെ ഉള്ളടക്കം വെളിപ്പെടുത്താന്‍ രാംകുമാര്‍ തയാറായില്ല.
തുടര്‍ന്നാണ് മുഖ്യമന്ത്രിക്ക് ലക്ഷ്മി ഗോപകുമാര്‍ നല്‍കിയ പരാതിയില്‍ സര്‍ക്കാര്‍ ഇതുവരെ എന്ത് നിലപാടെടുത്തുവെന്ന് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്. കേസ് ചൊവാഴ്ച വീണ്ടും പരിഗണിക്കും.


Click it and Unblock the Notifications