ജോസഫ് വിവാദം: പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി
തിരുവനന്തപുരം: വിമാനത്തില്‍ വച്ച് മുന്‍മന്ത്രി പി.ജെ.ജോസഫ് തന്നെ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ലക്ഷ്മി ഗോപകുമാറിന്റെ പരാതി ലഭിച്ചിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.
സ്ത്രീയുടെ പരാതി ലഭിക്കാതെ കേസെടുക്കാന്‍ പറ്റില്ല. ജൂഡീഷ്യല്‍ അന്വേഷണത്തില്‍ കുറ്റക്കാരനാണെന്നു തെളിഞ്ഞാല്‍ കേസെടുക്കാനാകും. ജോസഫിന്റെ ആവശ്യപ്രകാരമാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്ന ലക്ഷ്മിയുടെ ആരോപണം ശരിയല്ല. ജോസഫ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. മന്ത്രിസഭായോഗമാണ് ജുഡീഷ്യല്‍ അന്വേഷണത്തിനു തീരുമാനിച്ചത്- മന്ത്രി പറഞ്ഞു.
സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണമല്ല വേണ്ടതെന്നും പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും കാണിച്ച് താന്‍ സപ്തംബര്‍ 12ന് മുഖ്യമന്ത്രിക്ക് ഫാക്സ് അയച്ചിട്ടുണ്ടെന്ന് ലക്ഷ്മി ഗോപകുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ കത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ലൈംഗിക പീഡന കേസുകളില്‍ ഇരയായ വ്യക്തിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റര്‍ ചെയ്ത് അന്വേഷിക്കുകയാണ് വേണ്ടതെന്ന് സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും ലക്ഷ്മി ഗോപകുമാര്‍ പറഞ്ഞു.
അതിനിടെ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സിറ്റിംഗ് ജഡ്ജിയെ നല്‍കാനാവില്ലെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിക്കാനായിരിക്കും ഇനി സര്‍ക്കാര്‍ ആലോചിക്കുന്നത്.












Click it and Unblock the Notifications