ലയനം പൊതുവികാരം: ഷണ്‍മുഖദാസ്
ദില്ലി: കെ.കരുണാകരന്‍ സ്ഥാപിച്ച ഡമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് പാര്‍ട്ടിയെ എന്‍സിപിയില്‍ ചേര്‍ക്കുകയെന്നത് എന്‍സിപി സംസ്ഥാന ഘടകത്തിന്റെ പൊതുവികാരമാണെന്ന് പാര്‍ട്ടി ദേശീയ പ്രവര്‍ത്തക സമിതിയംഗം എ.സി.ഷണ്‍മുഖദാസ്.
സംസ്ഥാന ഘടകത്തിന്റെ ഈ അഭിപ്രായത്തെ മാറ്റുന്നതോ തടയുന്നതോ ആയ യാതൊരു തീരുമാനങ്ങളും പാര്‍ട്ടിയുടെ ദേശീയ സമ്മേളനത്തില്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡിഐസിയെ പാര്‍ട്ടിയില്‍ എടുക്കുന്നത് സംബന്ധിച്ച് ഇടതുമുന്നണിയുമായി ചര്‍ച്ച നടത്തണമെന്ന് ശരത് പവാര്‍ പറഞ്ഞത് നിലപാട് മാറ്റുക എന്നതരത്തിലല്ല. എന്‍സിപി ഇത്തരത്തിലൊരു തീരുമാനമെടുക്കുമ്പോള്‍ അത് പാര്‍ട്ടി ഘടകക്ഷിയായ മുന്നണിയുമായി ചര്‍ച്ച ചെയ്യുകയെന്നത് സ്വാഭാവികമായി കാര്യമാണ്.
സംസ്ഥാന ഘടത്തിന്റെ അഭിപ്രായം മാറിയെന്ന് അതിന് അര്‍ത്ഥമില്ല. ഡെറാഡൂണില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല - ഷണ്‍മുഖദാസ് പറഞ്ഞു.
ഇടതുപക്ഷ മതേതര കക്ഷികളുടെ ഏകീകരണത്തിലാണ് എന്‍സിപിയ്ക്ക് താല്പര്യം. ഇത് പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രമേയത്തിലുണ്ട്. കേരളത്തിലെ ഏഴാമത്തെ കോണ്‍ഗ്രസ് എന്നനിലയ്ക്ക് ഡിഐസിയ്ക്ക് ഏറെ ആയുസില്ലെന്ന് എന്‍സിപി തുടക്കത്തില്‍ത്തന്നെ വിലയിരുത്തിയതാണ്. ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യമുള്ള എന്‍സിപിയില്‍ ചേരുകയെന്ന അവരുടെ തീരുമാനം ഉചിതവുമാണ്.
ഇക്കാര്യം ചര്‍ച്ചചെയ്ത സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലോ, പിന്നീട് ചേര്‍ന്ന സംസ്ഥാന നിര്‍വ്വാഹക സമിതിയിലോ ഓരാള്‍ പോലും ഈ നീക്കത്തെ എതിര്‍ത്തിട്ടില്ല.ഇടതുമുന്നണിയുമായി ദേശീയ നേതൃത്വം നടത്തുന്ന ചര്‍ച്ചകള്‍ക്കുശേഷം സംസ്ഥാന നേതാക്കളുമായി കൂടിയാലോചിച്ചായിരിക്കും ലയനകാര്യത്തില്‍ അന്തിമതീരുമാനം എടുക്കുക.












Click it and Unblock the Notifications