സ്വാശ്രയ പ്രശ്നം: പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തില്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
ചോദ്യോത്തരവേള കഴിഞ്ഞപ്പോള്‍ സ്വാശ്രയ വിദ്യാഭ്യാസ പ്രശ്നത്തില്‍ കോണ്‍ഗ്രസിലെ കെ.സി.വേണുഗോപാല്‍ അടിയന്തിര പ്രമേയത്തിന് അനുമതി തേടുകയായിരുന്നു. ഈ പ്രശ്നം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.
പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയ വിദ്യാര്‍ത്ഥിയ്ക്കുപോലും പ്രവേശനം കിട്ടാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളതെന്നും ഇത് ഏറ്റവും കൂടുതല്‍ സഹായകമായത് കര്‍ണാടകത്തിലെയും മറ്റും വിദ്യാഭ്യാസ ലോബികള്‍ക്കാണെന്നും വേണുഗോപാല്‍ ആരോപിച്ചു. സര്‍ക്കാര്‍ കോളജുകളില്‍ പോലും വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഗ്രാമീണ മേഖലയിലെ കുട്ടികളടക്കമുള്ളവര്‍ ഓപ്ഷന്‍ എന്ന് അവസാനിക്കുമെന്നും ഏത് കോളജില്‍ പ്രവേശനം കിട്ടുമെന്നുമറിയാതെ സൈബര്‍ കഫേകളില്‍ ക്യൂ നില്‍ക്കുകയാണ്.
ഒരു മുന്നറിയിപ്പുമില്ലാതെ അര്‍ദ്ധരാത്രികളില്‍ ഓപ്ഷന്‍ തീയതികള്‍ മാറ്റുന്നത് സംസ്ഥാനത്ത് സ്ഥിരം ഏര്‍പ്പാടായി മാറിയിരിക്കുകയാണ്. മാനേജ്മെന്റുകളുമായുള്ള ചര്‍ച്ചയ്ക്ക് സ്വകാര്യ ഏജന്‍സികളെ വരെ കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വേണുഗോപാല്‍ ആരോപിച്ചു.
നോട്ടീസിന് വിദ്യാഭ്യാസമന്ത്രി എം.എ.ബേബി മറുപടി പറഞ്ഞു. മാനേജ്മെന്റുകളുമായുള്ള ചര്‍ച്ചയ്ക്ക് സ്വകാര്യ ഏജന്‍സികളെ വരെ കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇതേ തുടര്‍ന്ന് സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ പ്രതിപക്ഷത്തിന്റെ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു.












Click it and Unblock the Notifications