മാറാട് കലാപം: നാല് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
മാറാട് കലാപം: നാല് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി
ചൊവ്വ, സപ്തംബര്‍ 19, 2006
തിരുവനന്തപുരം: മാറാട് അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ കലാപം തടയുന്നതില്‍ വീഴ്ച വരുത്തിയെന്നാരോപിതരായ നാല് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആഭ്യന്തരവകുപ്പ് ശുപാര്‍ശ ചെയ്തു. കമ്മിഷന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കൈകൊണ്ട നടപടികളെ കുറിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്.
കമ്മിഷന്‍ കുറ്റക്കാരായി കണ്ടെത്തിയ അന്നത്തെ ജില്ലാ കളക്ടര്‍ ടി.ഒ സൂരജ്, മാറാട് കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ച് ഐജി മഹേഷ് കുമാര്‍ സിംഗ്ല , കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ സഞ്ജീവ് പടിജോഷി, കലാപം നടക്കുമ്പോള്‍ കോഴിക്കോട് സൗത്ത് അസിസ്റന്റ് കമ്മിഷണറായിരുന്ന എം. അബ്ദുള്‍ റഹിം എന്നിവര്‍ക്കെതിരെയാണ് നടപടി.
ജോസഫ് കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പ് തയ്യാറാക്കിയ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള ആഡീഷണല്‍ ചീഫ് സെക്രട്ടറി ലിസ്സി ജേക്കബ്, ചീഫ് സെക്രട്ടറിയ്ക്ക് കൈമാറുകയായിരുന്നു.
തുടര്‍ന്ന് അദ്ദേഹം നടപടി സിവീകരിക്കാന്‍ റിപ്പോര്‍ട്ട് പൊതു ഭരണ വകുപ്പിന് കൈമാറി. മാറാട് കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെയ്ക്കുമ്പോള്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സ്വീകരിച്ച നടപടിയും ഉള്‍പ്പെടുത്തണമെന്നുണ്ട്.
മാറാട് കലാപ സാധ്യതയെക്കുറിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതും വേണ്ട മുന്‍കരുതല്‍ എടുക്കുന്നതില്‍ ഉദാസീനത കാണിച്ചുവെന്നതുമാണ് സൂരജിനും, സഞ്ജീവ് പട്ജോഷിയ്ക്കും എതിരെയുള്ള പ്രധാന കുറ്റം.
കേസ് അന്വേഷിച്ചപ്പോള്‍ ബാഹ്യ ശക്തി ഇടപെടലുകളെക്കുറിച്ച് അന്വേഷിച്ചില്ല എന്നതാണ് മഹേഷ് കുമാര്‍ സിംഗ്ലയ്ക്കെതിരെയുള്ള ആരോപണം.
സിംഗ്ലയെ മാറ്റിനിര്‍ത്തി ക്രൈം ബ്രാഞ്ച് അഡീഷണല്‍ ഐജിയെക്കൊണ്ട് ഇത് അന്വേഷിപ്പിക്കാനാണ് നീക്കം. സൂരജ്, പട്ജോഷി എന്നിവര്‍ക്കെതിരെ സിവില്‍ സര്‍വ്വീസ് ചട്ടപ്രകാരം നടപടികള്‍ ഉണ്ടാകും.
സര്‍വ്വീസില്‍ നിന്ന് വിരമിച്ച അബ്ദുള്‍ റഹീമിനെതിരെ കേരള പൊലീസ് ചട്ടങ്ങള്‍ അനുസരിച്ചും നടപടിയുണ്ടാകും. റഹീമിനെ സൗത്ത് എസിയായി നിയമിച്ചതിനുപിന്നില്‍ രാഷ്ട്രീയ ഇടപെടലുണ്ടായിരുന്നുവെന്ന് മുന്‍ ഡിജിപി കെ.ജെ ജോസഫ് കമ്മിഷനുമുമ്പാകെ വെളിപ്പെടുത്തിയിരുന്നു.
തോമസ് പി ജോസഫ് കമ്മിഷന്‍ കഴിഞ്ഞ ഫെബ്രുവരി 20ന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപടി റിപ്പോര്‍ട്ടോടെ മിക്കവാറും ഈ ആഴ്ചതന്നെ നിയമസഭയുടെ മേശപ്പുറത്തുവെയ്ക്കും.
രണ്ടാമത്തെ കൂട്ടക്കൊല നടക്കുമ്പോള്‍ സഞ്ജീവ് പട്ജോഷിയ്ക്ക് പകരം ടി.കെ വിനോദ് കുമാറായിരുന്നു സിറ്റി പൊലീസ് കമ്മിഷണര്‍. എന്നാല്‍ സംഘര്‍ഷത്തിന് തൊട്ടുമുമ്പ് മാറാട് പൊലീസിന്റെ എണ്ണം കുറച്ചതും സുരക്ഷാ പരിശോധനയില്‍ വീഴ്ച വരുത്തിയതും പട്ജോഷിയുടെ പേരിലുള്ള കുറ്റമായി കമ്മിഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
പട്ജോഷി അലംഭാവം കാണിച്ചെന്ന് അന്നത്തെ ഉത്തരമേഖലാ ഡിഐജി എന്‍. ശങ്കര്‍ റെഡ്ഢി കമ്മിഷന് മൊഴി നല്‍കിയിരുന്നു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിരുന്നില്ലെന്ന സൂരജീന്റെ നിലപാട് സത്യവിരുദ്ധവും ബാലിശവുമാണെന്ന് കമ്മിഷന്‍ അഭിപ്രായപ്പെട്ടു.
കേസ് അന്വേഷിച്ച ക്രൈം ബ്രാഞ്ചിനെ രൂക്ഷമായി വിമര്‍ശിച്ച കമ്മിഷന്‍ കൂട്ടക്കൊലയ്ക്കു പുറകിലെ പുറംശക്തികളെക്കുറിച്ച് അന്വേഷിക്കാതിരുന്നതിനെയും കുറ്റപ്പെടുത്തിയിരുന്നു.
ഇത്തരം സംഘടകനകളെക്കുറിച്ചും ചില വ്യക്തികളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2003 മെയ് 2നാണ് മാറാട് രണ്ടാം സംഘര്‍ഷമുണ്ടായത്.
തുടര്‍ന്ന് എ.കെ ആന്റണി സര്‍ക്കാര്‍ 2003 ആഗസ്റ് എട്ടിനാണ് അന്വേഷണ കമ്മിഷനെ നിയമിച്ചത്. രണ്ടേകാല്‍ കൊല്ലം കൊണ്ട് 121 സാക്ഷികളെ വിസ്തരിച്ചാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.












Click it and Unblock the Notifications