ജോലി പോകാതിരിക്കാന്‍ വിവാഹമോചനം
ബീജിംഗ്: വടക്കുകിഴക്കന്‍ ചൈനയിലെ പ്രൈമറി സ്കൂള്‍ അധ്യാപകര്‍ വിവാഹ മോചനത്തിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള തിരക്കിലാണ്. വിവാഹമോചനം നേടിയില്ലെങ്കില്‍ ജോലി പോവുമെന്നതാണ് സ്ഥിതി.
പ്രൈമറി സ്കൂളുകളിലെ അധ്യാപകരുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന് ഷെനാന്‍ ജില്ലയിലെ വിദ്യാഭ്യാസ ബ്യൂറോ വിജ്ഞാപനം പുറപ്പെടുവിച്ചതോടെയാണ് വിവാഹ മോചനത്തിനുള്ള പേപ്പറുകള്‍ തയ്യാറാക്കാന്‍ അധ്യാപകര്‍ നെട്ടോട്ടമോടുന്നത്. വിവാഹമോചിതരാണെങ്കില്‍ തങ്ങളുടെ ജോലി സംരക്ഷിക്കാം. കാരണം വിവാഹമോചിതരെയും കുട്ടികളോടൊപ്പം കഴിയുന്ന വിധവകളെയും വിഭാര്യരെയും ജോലിയില്‍ നിന്ന് പിരിച്ചുവിടില്ലെന്ന് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സപ്തംബര്‍ ആറിന് മുമ്പു തന്നെ നാല്പതോളം അധ്യാപകര്‍ വിവാഹമോചനത്തിനുള്ള പേപ്പറുകളില്‍ ഒപ്പിട്ടുകഴിഞ്ഞു. വിവാഹമോചനത്തിനുള്ള പേപ്പറുകള്‍ ശരിയാക്കുന്നതിനായി അധ്യാപകര്‍ നെട്ടോട്ടമോടുന്നതിനാല്‍ ചില സ്കൂളുകളില്‍ ക്ലാസുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
വിവാഹമോചനത്തിന് മനസ് കൊണ്ട് ഇഷ്ടമല്ലെങ്കിലും മറ്റൊരു ജോലി കിട്ടാന്‍ ചൈനയിലെ ഇപ്പോഴത്തെ സ്ഥിതിയില്‍ വളരെ ബുദ്ധിമുട്ടാണെന്നതിനാലാണ് അധ്യാപകര്‍ ഇങ്ങനെ ചെയ്യുന്നതെന്ന് ബീജിംഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications