എന്‍സിപി-സിപിഎം ചര്‍ച്ച വ്യാഴാഴ്ച
ദില്ലി: ഡിഐസിയെ എന്‍സിപിയില്‍ ലയിപ്പിക്കുന്നതിന് മുന്നോടിയായി ഇടതുപാര്‍ട്ടികളുടെ വിശ്വാസത്തിലെടുക്കുന്നതിന്റെ ഭാഗമായി സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാര്‍ വ്യാഴാഴ്ച ചര്‍ച്ച നടത്തും.
ചൊവ്വാഴ്ച സിപിഐ നേതാക്കളുമായി എന്‍സിപി നേതാക്കള്‍ നടത്തിയ പ്രാഥമിക ചര്‍ച്ച അലസിപ്പിരിഞ്ഞു. ഡിഐസിയെ എന്‍സിപിയിലെടുക്കുന്നതിനോട് യോജിപ്പില്ലെന്ന് സിപിഐ നേതാക്കള്‍ വ്യക്തമാക്കി.
എന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ടി.പി.പീതാംബരന്‍, നിര്‍വാഹക സമിതി അംഗം എ.സി.ഷണ്‍മുഖദാസ് എന്നിവര്‍ സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, പന്ന്യന്‍ രവീന്ദ്രന്‍ എംപി എന്നിവരുമായി നടത്തിയ ചര്‍ച്ചയാണ് അലസിയത്.
ഡിഐസിയെ ഇടതുമുന്നണിയിലെടുക്കാനാവില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ലയനത്തിലൂടെ അവര്‍ക്ക് മുന്നണിയിലെത്താന്‍ വഴിയൊരുക്കരുതെന്നുമാണ് തങ്ങളുടെ നിലപാടെന്ന് സിപിഐ നേതാക്കള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി. ആര്‍.ബാലകൃഷ്ണപിള്ള ജനതാദള്‍ എസില്‍ ലയിക്കാന്‍ നടത്തിയ നീക്കത്തെ മുന്നണി നേരത്തെ എതിര്‍ത്തിരുന്നതാണെന്നും സമാനമായ നീക്കമാണ് ഡിഐസി-എന്‍സിപി ലയനശ്രമമെന്നും സിപിഐ വ്യക്തമാക്കി.
സിപിഎമ്മും ലയന നീക്കത്തെ എതിര്‍ക്കുകയാണെങ്കില്‍ ലയനത്തെ കുറിച്ച് എന്‍സിപി നേതാക്കള്‍ക്ക് പുനര്‍വിചിന്തനം നടത്തേണ്ടിവരും. എല്‍ഡിഎഫില്‍ സ്ഥാനം നഷ്ടപ്പെടുന്ന നിലയിലേക്ക് ലയനനീക്കം എത്തിച്ചേരുന്ന സ്ഥിതി ഒഴിവാക്കാനേ എന്‍സിപി ശ്രമിക്കുകയുള്ളൂ.












Click it and Unblock the Notifications