ആരോഗ്യ സുരക്ഷാ പദ്ധതി: പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പാക്കിയ ആരോഗ്യ സുരക്ഷാ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിയ്ക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം മൂന്നാം ദിവസവും സഭ വിട്ടു.
കോണ്‍ഗ്രസിലെ കെ.സി വേണുഗോപാലാണ് ഇതുസംബന്ധിച്ച സബ്മിഷന്‍ ഉന്നയിച്ചത്. സബ്മിഷന് തദ്ദേശ സ്വയംഭരണ മന്ത്രി പാലൊളി മുഹമ്മദ് കുട്ടി നല്‍കിയ മറുപടിയില്‍ തൃപ്തരാകാതെയാണ് പ്രതിപക്ഷം സഭവിട്ട് ഇറങ്ങിപ്പോയത്.
യുഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ആരോഗ്യ സുരക്ഷാ പദ്ധതി നടപ്പാക്കിയ രീതി ശരിയായില്ലെന്ന് സബ്മിഷന് നല്‍കിയ മറുപടിയില്‍ പാലൊളി പറഞ്ഞു.
പൊതുമേഖലാ സ്ഥാപനം വഴിയായിരുന്നു പദ്ധതി നടപ്പാക്കേണ്ടിയിരുന്നത്. എന്നാല്‍ ഐസിഐസിഐ ലംബാര്‍ഡ് എന്ന സ്വകാര്യ സ്ഥാപനംവഴിയാണ് യുഡിഎഫ് സര്‍ക്കാര്‍ ഇത് നടപ്പിലാക്കിയത്. അതുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതി വിഹിതം തരാന്‍ വിസമ്മതിച്ചത്. അത്തരമൊരവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാറിന് പണം നല്‍കാന്‍ കഴിയാതെ വന്നതും പദ്ധതി നടപ്പാക്കാന്‍ സാധിക്കാതിരുന്നതും-പാലൊളി വ്യക്തമാക്കി.
സ്വകാര്യ സ്ഥാപനത്തിന് നല്‍കിയിരിക്കുന്ന പണം തിരിച്ചുപിടിച്ച് പൊതുമേഖലാ ബാങ്കുള്‍ വഴി പദ്ധതി നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. ഈ മറുപടിയില്‍ തൃപ്തനാകാതെ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി പ്രതിഷേധവുമായി എഴുന്നേറ്റു.
സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ ഈ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നുവെന്നും അത് സംബന്ധിച്ച മിനിറ്റ്സ് തന്റെ കൈവശമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇത് മറച്ചുവച്ചുകൊണ്ടാണ് മന്ത്രി ഉത്തരം പറഞ്ഞതെന്നും അദ്ദേഹം ആരോപിച്ചു. ഈ പദ്ധതി അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധമുണ്ടെന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷം സഭ വിടുകയായിരുന്നു.












Click it and Unblock the Notifications