ഡിഐസി ലയനം: നിലപാടില്‍ മാറ്റമില്ലെന്ന് കാരാട്ട്
ദില്ലി: മുന്‍കേരള മുഖ്യമന്ത്രി കെ.കരുണാകന്റെ പാര്‍ട്ടിയായ ഡിഐസിയെ എന്‍സിപിയില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട് സിപിഎം കൈക്കൊണ്ടിരിക്കുന്ന നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്.
എന്നാല്‍ ഡിഐസിയെ എന്‍സിപിയില്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ എന്‍സിപി അധ്യക്ഷനായ കേന്ദ്രമന്ത്രി ശരത് പവാര്‍ വ്യാഴാഴ്ച പ്രകാശ് കാരാട്ടിനെ കാണാനിരിക്കുകയാണ്.
ഡിഐസിയെ ഇടതുമുന്നണിയിലെ ഘടകക്ഷിയായ എന്‍സിപിയില്‍ ചേര്‍ക്കുക വഴി അത് കരുണാകരനും മകനും ഇടതുമുന്നണിയില്‍ വന്നുചേരാന്‍ ഇടയാകുമെന്നതുകൊണ്ടുതന്നെ ലയനത്തെ അനുകൂലിയ്ക്കില്ലെന്നായിരുന്നു സിപിഎമ്മിന്റെ നിലപാട്.
ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐ ഇതിനിടെതന്നെ എന്‍സിപി-ഡിഐസി ലയനത്തെ എതിര്‍ത്തിട്ടുണ്ട്.
കരുണാകന്റെ രാഷ്ട്രീയ പഞ്ചാത്തലം വെച്ച് അദ്ദേഹത്തിന് ഇടതുമുന്നണിയില്‍ പ്രവേശനം നല്‍കരുതെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എ. ബി ബര്‍ദന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പ്രധാന ഘടകകക്ഷിയായ സിപിഐ ഇത്തരമൊരു നിലപാട് സ്വീകരിച്ച് സ്ഥിതിയ്ക്ക് ശരത് പവാറിന്റെ ആവശ്യം സിപിഎം പരിഗണിച്ചേക്കില്ലെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
ഈ കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചാല്‍ മുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയില്‍ അഭിപ്രായവ്യത്യസമുണ്ടാകുമെന്നതില്‍ സംശയമില്ല. ഡിഐസിയെ ലയിപ്പിക്കാന്‍ വേണ്ടി പ്രകാശ് കാരാട്ട് ഇത്തരത്തിലൊരു തീരുമാനമെടുക്കാനും ഇടയില്ല. എന്നാല്‍ ഇക്കാര്യം പാര്‍ട്ടിയുടെ സംസ്ഥാന ഘടകവുമായി ചര്‍ച്ചചെയ്യുമെന്നും കാരാട്ട് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications