സീറ്റ് അലോട്ട്മെന്റ്: ആദ്യഘട്ടം പൂര്‍ത്തിയായി
തിരുവനന്തപുരം: സ്വാശ്രയ എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോഴ്സുകളിലേക്കുള്ള ആദ്യഘട്ട സീറ്റ് അലോട്ട്മെന്റ് പൂര്‍ത്തിയായി. 18,937 പേര്‍ക്കാണ് ഇതുവരെ സീറ്റ് അലോട്ട്മെന്റ് നടത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായത്. നഴ്സിംഗ്, ഡന്റല്‍ കോഴ്സുകളടക്കം മെഡിക്കല്‍ വിഭാഗത്തില്‍ 3735 സീറ്റുകളിലേക്ക് അലോട്ട്മെന്റ് പൂര്‍ത്തിയായി.
എംബിബിഎസ് പ്രവേശനവും ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. 1326 സീറ്റുകളാണ് സര്‍ക്കാര്‍ ക്വാട്ടയില്‍ ഉണ്ടായിരുന്നത്. 1080 സീറ്റുകള്‍ അലോട്ട് ചെയ്തു കഴിഞ്ഞു. ബാക്കിവരുന്ന 46 സീറ്റുകള്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ സംവരണമാണ്.
എഞ്ചിനീയറിംഗിന് സര്‍ക്കാര്‍ ക്വാട്ടയില്‍ 15,044 സീറ്റുകളാണ് ഉണ്ടായിരുന്നത്. 14532 സീറ്റുകളിലേക്കുള്ള സീറ്റ് അലോട്ട്മെന്റ് പൂര്‍ത്തിയായി. പ്രവേശനം കിട്ടിയ വിദ്യാര്‍ത്ഥികള്‍ക്ക് വ്യഴാഴ്ച മുതല്‍ കാനറാബാങ്കിന്റെ ശാഖകള്‍ വഴി ഫീസടയ്ക്കാം.
ശ്രീനാരായണ ഗുരു സമാധിദിനമായതിനാല്‍ സാധാരണ നിലയ്ക്ക് വ്യാഴാഴ്ച ബാങ്ക് അവധിയാണെങ്കിലും വിദ്യാര്‍ത്ഥികളുടെ സൗകര്യത്തിനായി കാനറാ ബാങ്കിന്റെ ശാഖകള്‍ പ്രവര്‍ത്തിക്കുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒന്നാം ഘട്ട അലോട്ട്മെന്റിലൂടെ പ്രവേശനം കിട്ടിയവര്‍ ഫീസടച്ചെങ്കില്‍ മാത്രമേ രണ്ടാം ഘട്ട അലോട്ട്മെന്റില്‍ ഉയര്‍ന്ന ഓപ്ഷനുകളില്‍ അവരെ പരിഗണിക്കൂവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോള്‍ പ്രവേശനം കിട്ടിയ വിദ്യാര്‍ത്ഥികളില്‍ 10 മുതല്‍ 20 ശതമാനം പേര്‍ ഫീസടയ്ക്കാന്‍ ഇടയില്ലെന്നാണ് കരുതുന്നത്. കേരളത്തില്‍ പ്രവേശന നടപടികള്‍ വൈകിയതിനാല്‍ പലവിദ്യാര്‍ത്ഥികളും അന്യസംസ്ഥാനങ്ങളിലെ കോളജുകളില്‍ പ്രവേശനം നേടിക്കഴിഞ്ഞു.
ബാക്കിവരുന്ന സീറ്റുകളില്‍ ഈ മാസം 25 ന് രണ്ടാം ഘട്ട അലോട്ട്മെന്റ് നടത്തും. 30--ാം തീയതിയോടെ എംബിബിഎസ്, ബിഡിഎസ് കോഴ്സുകളില്‍ പ്രവേശനം പൂര്‍ത്തിയാകും.












Click it and Unblock the Notifications