മുരളി കോണ്‍ഗ്രസിന് ക്ഷീണമുണ്ടാക്കി: മുല്ലപ്പള്ളി
കോഴിക്കോട്: പക്വതയില്ലാത്ത രാഷ്ട്രീയനേതാവാണ് കെ. മുരളീധരനെന്ന് കെ.പി.സി.സി.വൈസ് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
അടുത്തകാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് ഏറ്റവു കൂടുതല്‍ ദോഷമുണ്ടാക്കിയ നേതാവാണ് മുരളീധരനെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് നടന്ന ഡിസിസി ജനറല്‍ ബോഡി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാമചന്ദ്രന്‍.
മുരളീധരന്‍ കോണ്‍ഗ്രസിനുണ്ടാക്കിയ ക്ഷീണം സമീപകാലത്തൊന്നും തീര്‍ക്കാന്‍ സാധിക്കില്ല. മഹാന്മാരായ ഒട്ടേറെ നേതാക്കള്‍ കെപിസിസിയുടെ അധ്യക്ഷ സ്ഥാനത്തിരുന്നിട്ടുണ്ട്. എന്നാല്‍ മുരളിയെ പോലെ ആ കസേരയുടെ മഹത്വം മനസ്സിലാക്കാത്ത ഒരു നേതാവും കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലുണ്ടായിട്ടില്ല.
കെ. കരുണാകരന്‍ തെറ്റ് തിരുത്തി സോണിയാ ഗാന്ധിയുടെ നേതൃത്വവും പാര്‍ട്ടിയുടെ നയപരിപാടികളും അംഗീകരിക്കാന്‍ തയ്യാറായി തിരിച്ചുവരികായാണെങ്കില്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്യും. അദ്ദേഹത്തോടൊപ്പം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ആദര്‍ശങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുകയും ദേശീയ നേതൃത്വത്തെ അംഗീകരിക്കുകയും ചെയ്യുന്ന മുഴുവന്‍ ഡിഐസിക്കാരെയും പാര്‍ട്ടിയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു.
എന്നാല്‍ മുരളീധരനെ ഒരു കാരണവശാലും കോണ്‍ഗ്രസില്‍ തിരച്ചെടുക്കാന്‍ സാധ്യമല്ല. തിരിച്ചുവരുന്ന എല്ലാ നേതാക്കള്‍ക്കും മാന്യമായ പദവിയും അംഗീകാരവും നല്‍കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
കോണ്‍ഗ്രസ് വിട്ട എല്ലാവരെയും സ്വാഗതം ചെയ്യുന്നുവെന്ന പ്രമേയം ഡിസിസി ജനറല്‍ബോഡി യോഗം അംഗീകരിച്ചു. ഡിസിസി പ്രസിഡന്റ് എം. ബീരാന്‍കുട്ടി യോഗത്തില്‍ അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications