നെയ്യാര്‍ മുതലവളര്‍ത്തുകേന്ദ്രത്തിന് സ്റീവ് ഇര്‍വിന്റെ പേരിടും
തിരുവനന്തപുരം: നെയ്യാര്‍ ഡാമിലെ മുതല വളര്‍ത്തു കേന്ദ്രത്തിന് അന്തരിച്ച മുതലസംരക്ഷകനും ടിവി അവതാരകനുമായ സ്റീവ് ഇര്‍വിന്റെ പേരിടാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു.
ഒക്ടോബര്‍ രണ്ടിന് വന്യജീവി വാരാഘോഷത്തിന്‍റെ ഭാഗമായി കൊല്ലത്തു നടക്കുന്ന സംസ്ഥാനതല പരിപാടിയില്‍ വനം മന്ത്രി ബിനോയ് വിശ്വം ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തും.
ക്രൊക്കോഡൈല്‍ ഹണ്ടര്‍ എന്ന ടിവി ചാനല്‍ പരിപാടി വഴി പ്രശസ്തനായ ആസ്ത്രേലിയന്‍ സ്വദേശി ഇര്‍വിന്‍ സപ്തംബര്‍ നാലിനാണ് കടലില്‍ നടന്ന ഒരു ചിത്രീകരണത്തിനിടയില്‍ തിരണ്ടിയുടെ വാല്‍ കൊണ്ടുള്ള അടിയേറ്റ് മരിച്ചത്.
മുതല വളര്‍ത്തു കേന്ദ്രത്തിന് ഇര്‍വിന്റെ പേരിടാന്‍ തീരുമാനിച്ചകാര്യം അറിയിച്ചുകൊണ്ട് മന്ത്രി ഇന്‍വിന്റെ ഭാര്യയ്ക്ക് കത്തയച്ചിട്ടുണ്ട്.
നെയ്യാര്‍ ഡാമിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായശേഷം അവിടെ ഇര്‍വ്വിന്റെ പേരെഴുതിയ ബോര്‍ഡ് സ്ഥാപിക്കും. അദ്ദേഹത്തിന്റെ ജീവചരിത്രക്കുറിപ്പുകളും അതില്‍ ആലേഖനം ചെയ്യും.
ഈയിടെ മൂന്നാറില്‍ നടന്ന അന്താരാഷ്ട്ര വന്യജീവി സെമിനാറിലാണ് ബിനോയ് വിശ്വം ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. സെമിനാറിനെത്തിയ വിദേശികളുള്‍പ്പെടെയുള്ള സദസ്സ് സന്തോഷത്തോടെയാണ് അന്നീ തീരുമാനം അംഗീകരിച്ചത്.
ഇന്റര്‍നെറ്റ് ശൃംഗല വഴി ഇക്കാര്യം വാര്‍ത്തയായതിനു പിന്നാലെ വനം മന്ത്രാലയത്തില്‍ നിരവധി അഭിന്ദന സന്ദേശങ്ങള്‍ ലഭിച്ചിരുന്നു.












Click it and Unblock the Notifications