ജോസഫ് വിവാദം: റിപ്പോര്‍ട്ടില്‍ സര്‍ക്കാറിന് അതൃപ്തി
കൊച്ചി: മുന്‍ പൊതുമരാമത്ത് മന്ത്രി പി.ജെ.ജോസഫിനെതിരെയുള്ള വിമാനയാത്രാ വിവാദം അന്വേഷിച്ച പൊലീസ് ഐജി ബി സന്ധ്യയുടെ അന്വേഷണറിപ്പോര്‍ട്ടില്‍ സര്‍ക്കാറിന് അതൃപ്തിയുണ്ടെന്ന് അഡ്വക്കറ്റ് ജനറല്‍ സുധാകര പ്രസാദ് ഹൈക്കോടതിയെ അറിയിച്ചു.
പരാതിക്കാരിയായ ലക്ഷ്മി ഗോപകുമാര്‍ നല്‍കിയ രണ്ടു പരാതിയിലെയും ഒപ്പുകള്‍ വ്യത്യസ്തമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ഇതിന്മേല്‍ വിശദമായ അന്വേണണം നടത്തേണ്ടതുണ്ടെന്നും അഡ്വക്കറ്റ് ജനറല്‍ കോടതിയെ ബോധിപ്പിച്ചു.
സര്‍ക്കാറിന്റെ വിശദീകരിണമടങ്ങിയ പൂര്‍ണ്ണ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി അഡ്വക്കറ്റ് ജനറലിനോട് ആവശ്യപ്പെട്ടു.
പി.ജെ.ജോസഫിനെതിരെ പൊലീസ് കേസ് രജിസ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സിമി റോസ്ബെല്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് അഡ്വക്കറ്റ് ജനറല്‍ ഇക്കാര്യം അറിയിച്ചത്.
ആഗസ്റ് മൂന്നിന് ചെന്നൈയില്‍ നിന്നും കൊച്ചിയിലേയ്ക്ക് പുറപ്പെട്ട വിമാനത്തില്‍ യാത്രചെയ്യവേ പി.ജെ ജോസഫ് സഹയാത്രികയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ ഐജി ബി.സന്ധ്യയുടെ റിപ്പോര്‍ട്ടില്‍ പ്രഥമദൃഷ്ട്യാ മന്ത്രി കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് ജോസഫ് രാജിവെയ്ക്കുകയായിരുന്നു.












Click it and Unblock the Notifications