ചീഫ് സെക്രട്ടറിയെ മാറ്റിയതിനെതിരെ രമേശ്
തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും മുഹമ്മദ് റിയാസുദീനെ മാറ്റിയത് മത ന്യൂനപക്ഷങ്ങളോടുള്ള അവഹേളനമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണത്തില്‍ കാര്യക്ഷമതയില്ലെന്ന കുറ്റം ചുമത്തിയാണ് മുഹമ്മദ് റിയാസുദീനെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയത്. ഇത് വളരെ വിലകുറഞ്ഞ നടപടിയാണ്. ന്യൂനപക്ഷങ്ങളോട് സര്‍ക്കാരിന്റെ അവഹേളനമാണ് ഈ നടപടിയിലൂടെ വെളിവാകുന്നത്.
സ്വാശ്രയ പ്രശ്നം ഇത്രയും സങ്കീര്‍ണമായത് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ്. ചിക്കന്‍ ഗുനിയ പോലുള്ള പകര്‍ച്ചവ്യാധികള്‍ പടരുമ്പോഴും അത് തടയാന്‍ വേണ്ടതൊന്നും സര്‍ക്കാര്‍ ചെയ്യുന്നില്ല.
സര്‍ക്കാരിന്റെ വികലമായ നയം മൂലം സ്വാശ്രയ വിദ്യാഭ്യാസ മേഖലയില്‍ അവ്യക്തത മാത്രമാണ് നിലനില്‍ക്കുന്നത്. പി.എ. മുഹമ്മദ് കമ്മിറ്റിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത യുഡിഎഫിന്റെ നടപടി ശരിയാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.
സീറ്റിന്റെ കാര്യത്തിലും അലോട്ട്മെന്റിന്റെ കാര്യത്തിലും അനശ്ചിതത്വം നിലനില്‍ക്കുകയാണ്. വ്യക്തമായ കാഴ്ചപ്പാടില്ലാതെയാണ് സര്‍ക്കാര്‍ സ്വാശ്രയ നിയമം കൊണ്ടുവന്നത്. ഇത് മൂലം വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍ ആടുകയാണ്. കഴിഞ്ഞ നാലുമാസമായി വിദ്യാഭ്യാസവകുപ്പ് നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് - ചെന്നിത്തല കുറ്റപ്പെടുത്തി.












Click it and Unblock the Notifications