ബിന്‍ ലാദന്‍ മരിച്ചെന്ന് ഫ്രഞ്ച് പത്രം
പാരീസ്: അല്‍ കെയ്ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ കടുത്ത ടൈഫോയിഡ് ബാധിച്ച് പാകിസ്ഥാനില്‍ മരണമടഞ്ഞതായി സൗദി അധികൃതര്‍ക്ക് വിവരം ലഭിച്ചതായി ലെ എസ്ത് റിപ്പബ്ലിക്കന്‍ എന്ന ഫ്രഞ്ച് പത്രം റിപ്പോര്‍ട്ട് ചെയ്തു.
ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് വാര്‍ത്ത. അതേ സമയം ലാദന്‍ മരിച്ചെന്ന വാര്‍ത്ത അല്‍ കെയ്ദ നിഷേധിച്ചു.
പത്രവാര്‍ത്തയോടൊപ്പം രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ കോപ്പിയും നല്‍കിയിട്ടുണ്ട്. സപ്തംബര്‍ 21 നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിഡണ്ട് ജാക്വസ് ഷിറാക്കിനും പ്രധാനമന്ത്രി ഡൊമിനിക്ക് ഡി വില്ലെപിനും അന്വേഷണ വിഭാഗം സമര്‍പ്പിച്ചതും അതേ ദിവസമാണ്. ആഗസ്ത് 23ന് ലാദന്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
2006 ആഗസ്ത് 23 ന് പാകിസ്ഥാനില്‍ ടൈഫോയിഡ് മൂലം ലാദന്‍ മരണമടഞ്ഞതായി സൗദി സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളതായി പത്രം പറയുന്നു.
എന്നാല്‍ പത്രത്തിലെ റിപ്പോര്‍ട്ട് പ്രസിഡന്റ് ഷിറാക് തള്ളിക്കളഞ്ഞു. രഹസ്യറിപ്പോര്‍ട്ട് ചോര്‍ന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഒസാമയുടെ മരണത്തെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് പാക് സര്‍ക്കാരും വ്യക്തമാക്കി.












Click it and Unblock the Notifications