മലപ്പുറത്ത് ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കും: മന്ത്രി
തിരുവനന്തപുരം: ഫുട്ബോള്‍ രംഗത്ത് പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതിനായി മലപ്പുറത്ത് ഫുട്ബോള്‍ അക്കാദമി സ്ഥാപിക്കുമെന്ന് സ്പോര്‍ട്സ് മന്ത്രി എം.വിജയകുമാര്‍ നിയമസഭയില്‍ അറിയിച്ചു.
ഗ്രാമീണമേഖലകളില്‍ സ്പോര്‍ട്സ് ജനകീയമാക്കുന്നതിനായി പഞ്ചായത്തുതലം വരെ സ്പോര്‍ട്സ് കൗണ്‍സിലുകള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്പോര്‍ട്സ് നിയമം പാസാക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് കേരളം. 2000ലാണ് കേരളത്തില്‍ ഈ നിയമം പാസാക്കിയത്. എന്നാല്‍ 2003 വരെ നിയമം പ്രാവര്‍ത്തികമായില്ല. ഈ നിയമത്തിലൂന്നിയാണ് ഇടതുസര്‍ക്കാര്‍ സ്പോര്‍ട്സ് രംഗത്ത് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത്.
എട്ടുവര്‍ഷം മുമ്പ് നായനാര്‍ സര്‍ക്കാറിന്റെ കാലത്താണ് മൂന്നാറില്‍ ഹൈആല്‍റ്റിറ്റ്യൂഡ് സ്റേഡിയത്തിന് തറക്കല്ലിട്ടത്. എന്നാല്‍ സ്റേഡിയത്തിന്റെ നിര്‍മ്മാണം ഇതേവരെ പൂര്‍ത്തിയായിട്ടില്ല. ഒരു വര്‍ഷത്തിനുള്ളില്‍ അതിന്റെ പണി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു- അദ്ദേഹം അറിയിച്ചു.
സ്പോര്‍ട്സ് കൗണ്‍സിലിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെക്കുറിച്ചും കൗണ്‍സിലിനെതിരെയുണ്ടായ അഴിമതി ആരോപണങ്ങളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.












Click it and Unblock the Notifications