സിബിഐ അന്വേഷണത്തില്‍ സിപിഎമ്മിന് യോജിപ്പില്ല: കോടിയേരി
തിരുവനന്തപുരം: മാറാട് കമ്മിഷന്‍ ശുപാര്‍ശ ചെയ്തതതുകൊണ്ടുമാത്രമാണ് സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍.
സാധാരണ നിലയില്‍ സിപിഎം സിബിഐ അന്വേഷണങ്ങളെ അനുകൂലിയ്ക്കാറില്ലെന്നും മന്ത്രി പറഞ്ഞു. മാറാട് സംഭവത്തില്‍ രാജ്യാന്തര ഏജന്‍സികള്‍ക്കു പങ്കുള്ളതായി ജൂഡീഷ്യല്‍ അന്വേഷണം നടത്തിയ തോമസ് പി ജോസഫിന് തെളിവു ലഭിച്ചിട്ടില്ല.
ഇത്തരം കാര്യങ്ങള്‍ പരിശോധിക്കുന്നതിനാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. റിപ്പോര്‍ട്ടില്‍ എന്‍ഡിഎഫിനും മുസ്ലിം ലീഗിനുമെതിരെ വ്യക്തമായ പരാമര്‍ശമുണ്ട്. അതും കൂടുതല്‍ അന്വേഷിക്കേണ്ടിയിരിക്കുന്നു.
ഏതെങ്കിലും സംഘടനയെ നിരോധിച്ചതുകൊണ്ട് പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കരുതുന്നില്ല. ഇത്തരം ആളുകളെയും സംഘടനകളെയും ഒറ്റപ്പെടുത്താനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക.
ഈ പ്രശ്നത്തില്‍ സര്‍ക്കാറിന് ഒരുതരത്തിലുള്ള മുന്‍വിധികളും ഇല്ല. എല്ലാ സത്യവും പുറത്ത് വരുന്നതിനാണ് സിബിഐ അന്വേഷണത്തന് ശുപാര്‍ശ ചെയ്തത്- അദ്ദേഹം വ്യക്തമാക്കി.
കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ആശയപരവും നിയമപരവുമായി സ്വീകരിക്കേണ്ട നടപടികള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ അവ പരിശോധിച്ച് ബന്ധപ്പെട്ട വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കും.
വര്‍ഗീയകലാപ സാധ്യതയുള്ള പ്രദേശങ്ങളില്‍ സായുധ നിയമം അനുസരിച്ചുള്ള നിരോധനം ശക്തമാക്കും. പൊലീസ് കണ്‍ട്രോള്‍ റൂമുകള്‍ ശക്തിപ്പെടുത്തും.
കളക്ടറും പൊലീസ് കമ്മിഷണറും സഹകരിച്ചു പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തെത്തുടര്‍ന്ന് കളക്ടര്‍മാരുടെയും എസ്.പിമാരുടെയും സംയുക്തയോഗം ആഭ്യന്തര റവന്യൂ മന്ത്രിമാര്‍ വിളിച്ചുചേര്‍ത്തിരുന്നു. ഇരുകൂട്ടരും സഹകരിച്ചുപ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്-മന്ത്രി അറിയിച്ചു.
മതത്തെ രാഷ്ട്രീയത്തില്‍ നിന്നും വേര്‍പെടുത്തണമെന്ന ശുപാര്‍ശയില്‍ നടപടിസ്വീകരിക്കേണ്ടതു കേന്ദ്രമായതിനാല്‍ ഇക്കാര്യം കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്തും.
തീരദേശ ജനങ്ങളുടെ സാമ്പത്തികശേഷി വര്‍ദ്ധിപ്പിക്കുന്നതിന് തീരദേശ വികസന പദ്ധതി നടപ്പാക്കും. കേരള പൊലീസ് ആക്ടും മാനുവലും പരിഷ്കരിക്കും. വര്‍ഗീയ കലാപങ്ങള്‍ വിചാരണ ചെയ്യുന്നതിനായി കേസിന്റെ ഗൗരവത്തിനനുസരിച്ച് പ്രത്യേക കോടതികള്‍ രൂപീകരിക്കും.
രാഷ്ട്രീയാടിസ്ഥാനത്തില്‍ പൊലീസ് അസോസിയേഷനുകള്‍ പ്രവര്‍ത്തിക്കരുതെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. അസോസിയേഷനുകള്‍ ഇപ്പോള്‍ രാഷ്ട്രീയാടിസ്ഥാനത്തിലല്ല പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു.












Click it and Unblock the Notifications