മായിന്‍ഹാജിക്കെതിരെ ഹൈന്ദവസംഘടനകള്‍ കോടതിയിലേയ്ക്ക്
കോഴിക്കോട്: മാറാട് ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശവിധേയനായ മുസ്ലീം ലീഗ് നേതാവ് മായിന്‍ ഹാജിക്കെതിരെ മാറാട്ടെ ഹൈന്ദവ സംഘടനകള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു.
മായിന്‍ ഹാജിക്കെതിരെയുള്ള പരാമര്‍ശം ഗുരുതരമാണെന്നാണ് നിയമവിദഗ്ധരുടെയും അഭിപ്രായം. മാറാട് കൂട്ടക്കൊലയ്ക്കുപിന്നില്‍ നടന്ന ഗൂഢാലോചനയെപ്പറ്റി മായിന്‍ഹാജിക്ക് മുന്‍കൂര്‍ അറിവ് ഉണ്ടായിരുന്നതായി വിശ്വസിക്കാന്‍ വ്യക്തമായ കാരണങ്ങളുമുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മായിന്‍ഹാജിക്കെതിരെ പൊലീസ് കേസ് രജിസ്റര്‍ ചെയ്യാന്‍ ഈ പരാമര്‍ശം കൊണ്ട് കഴിയുമെന്ന് ഹൈക്കോടതിയിലെ ക്രിമിനല്‍ അഭിഭാഷകരും പറയുന്നു.
മായിന്‍ഹാജിക്കെതിരെയുള്ള പരാമര്‍ശം ഗൗരവമായി കാണുന്നുവെന്നും സര്‍ക്കാരാണ് നടപടിയെടുക്കണമെന്നും ഹിന്ദു ഐക്യവേദിയും അഭിപ്രായപ്പെട്ടു.
സര്‍ക്കാരിന്റെ നടപടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്നത്തെ ജില്ലാകളക്ടറായിരുന്ന ടി.യു സൂരജിനെതിരെയും മാറാട് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇത്തരത്തില്‍ കമ്മീഷന്റെ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തില്‍ മായിന്‍ ഹാജിയെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കാനാണ് ഹൈന്ദവ സംഘടനകള്‍ ആലോചിക്കുന്നത്.












Click it and Unblock the Notifications