മാറാട്: സിപിഎമ്മിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആന്റണി
തിരുവനന്തപുരം: മാറാട് കലാപത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യാതിരുന്ന മുന്‍ യുഡിഎഫ് സര്‍ക്കാറിന്റെ നിലപാടില്‍ ദുരൂഹതയുണ്ടെന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുന്‍മുഖ്യമന്ത്രി എ.കെ ആന്റണി.
കലാപത്തില്‍ സിബിഐ അന്വേഷണം നടത്താത്തതില്‍ ഒരു ദുരൂഹതയുമില്ല. അന്ന് ബിജെപി മാത്രമാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ അത്തരത്തിലൊരന്വേഷണത്തിന്റെ ആവശ്യമില്ലെന്നായിരന്നു സിപിഎം വാദിച്ചത്.
അന്ന് വിളിച്ച സര്‍വ്വകക്ഷിയോഗത്തിലും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഉണ്ടായാല്‍ത്തന്നെ അത് ക്രൈംബ്രാഞ്ച് അന്വേഷണത്തെ ദോഷകരമായി ബാധിക്കുമെന്നുമുള്ള അഭിപ്രായമാണ് ഉയര്‍ന്നുവന്നത്. സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ഇത്തരമൊരന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെയും അഭിപ്രായപ്പെട്ടത്.
മാറാട് കലാപമുണ്ടായതില്‍ ജനങ്ങളോട് ആരെങ്കിലു മാപ്പു പറയണമെങ്കില്‍ അത് ആദ്യം ചെയ്യേണ്ടത് സിപിഎമ്മും പിണറായി വിജയനുമാണ്- ആന്റണി പറഞ്ഞു.
മാറാട്ടുണ്ടായ ഒന്നാം കലാപത്തില്‍ അറസ്റുചെയ്യപ്പെട്ട് 102പേരില്‍ 78പേരും സിപിഎമ്മുകാരാണ്. ഇവര്‍ക്കെതിരെ പാര്‍ട്ടിയില്‍ ഒരു നടപടിയും ഉണ്ടിയിട്ടില്ല.
സിപിഎമ്മിന്റെ ശക്തികേന്ദ്രമാണ് മാറാട് പാര്‍ട്ടിയുടെ അറിവോടുകൂടിയല്ലാതെ അവിടെ അത്തരത്തിലൊരു സംഭവം നടക്കില്ല. കലാപദിവസം പൊലീസ് ഫലപ്രദമായി ഇടപെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ ശുപാര്‍ശ ചെയ്തിരിക്കുന്ന സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ ആദ്യകലാപംകൂടി അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കണം.
മാറാട് റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിക്കാനാവില്ല. മാറാട് കലാപത്തിനിടയാക്കിയ കാരണങ്ങളെയും അതിന്റെ സത്യാവസ്ഥകളെയുകുറിച്ച് മനസിലാക്കാന്‍ പരമാവധി ശ്രമിച്ചിരുന്നു. അതൊന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ല- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications