മാറാട്: സിബിഐ നേരത്തേ അന്വേഷണം തുടങ്ങി
കോഴിക്കോട്: മാറാട് കലാപത്തില്‍ ജൂഡീഷ്യല്‍ കമ്മിഷന്‍ ശുപാര്‍ശയനുസരിച്ച് സിബിഐ അന്വേഷണം നടത്തുന്നതിനുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ തീരുമാനമായില്ലെങ്കിലും സംഭവത്തെക്കുറിച്ച് സിബിഐ നേരത്തേതന്നെ അന്വേഷണം തുടങ്ങി.
ബേപ്പൂരില്‍ ബോട്ടിലുണ്ടായ സ്ഫോടനത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന വിധിന്യായത്തിലാണ് ഹൈക്കോടതി മാറാട് സംഭവത്തിനുപിന്നിലെ സാമ്പത്തിക ശ്രോതസ്, ഗൂഡാലോചന തുടങ്ങിയവയെക്കുറിച്ച് അന്വേഷിക്കാന്‍ സിബിഐയ്ക്ക് നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ മാര്‍ച്ച് മാസം 16ന് ജസ്റിസ് കെ.പത്മനാഭന്‍ നായരുടെ വിധിയെത്തുടര്‍ന്നാണ് സിബിഐ അന്വേഷണം തുടങ്ങിയത്.
സ്ഫോടനത്തിന് പുറകിലുള്ള സംഭവങ്ങളെക്കുറിച്ച് സിബിഐ, റവന്യൂ ഇന്റലിജന്‍സ്, ഇന്റലിജന്‍സ് ബ്യൂറോ എന്നിവ ചേര്‍ന്നുള്ള അന്വേഷണമാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നത്.
ബേപ്പൂരില്‍ തകര്‍ന്ന ബോട്ട് മാറാട് കേസിലെ ആറു പ്രതികളുടെ ഉടമസ്ഥതയിലുള്ളതായിരുന്നു. 35 ലക്ഷം രൂപ വിലയുള്ള ബോട്ട് വാങ്ങാന്‍ ബാങ്ക് വായ്പയെയോ മറ്റ് ധനസഹായങ്ങളെയോ ആശ്രയിച്ചിരുന്നില്ല. ഉടമകളാവട്ടെ തുച്ഛമായ തുകമാത്രമാണ് ഇതിനായി മുടക്കിയത്. ഇത്രയും പണം എങ്ങനെ സ്വരൂപിച്ചുവെന്ന് കോടതി വിധിന്യായത്തില്‍ ചോദിച്ചിരുന്നു.
സമീപപ്രദേശമായ മാറാട്ടുണ്ടായ കലാപവും ബേപ്പൂര്‍ സ്ഫോടനവും തമ്മില്‍ ബന്ധമുണ്ടോ എന്നും സിബിഐ അന്വേഷിക്കുന്നുണ്ടെന്നാണ് സൂചന. ബേപ്പൂരിലും പരിസരത്തും പ്രാഥമിക അന്വേഷണം തുടങ്ങിക്കഴിഞ്ഞു.












Click it and Unblock the Notifications