ജൂലൈ11 സ്ഫോടനത്തിനുപിന്നില്‍ ഐഎസ്ഐ
മുംബൈ:ഇരുന്നൂറോളം ആളുകളുടെ മരണത്തിനടയാക്കിക്കൊണ്ട് ജൂലൈ 11ന് മുംബൈയിലുണ്ടായ ട്രെയിന്‍ സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്ഐ ആണെന്ന് തെളിഞ്ഞതായി മുംബൈ പൊലീസ് വെളിപ്പെടുത്തി.
സ്ഫോടനത്തിന് ആല്‍ ക്വയ്ദയുമായോ യു എസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവുമായോ ബന്ധമില്ലെന്ന് മുംബൈ പൊലിസ് കമ്മിഷണര്‍ എന്‍ .എന്‍ റോയ് വ്യക്തമാക്കി. കേസന്വേഷണം പൂര്‍ത്തിയായതായും സ്ഫോടനങ്ങള്‍ക്കു പിന്നില്‍ നടന്ന ഗൂഡാലോചന പൂര്‍ണമായും വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സ്ഫോടനത്തിന്റെ പ്രധാന സൂത്രധാരന്മാര്‍ പാക് ചാര സംഘടനയായ ഐഎസ്ഐ ആണ്. ഗൂഢാലോചനയില്‍ മൂന്ന് പാക്കിസ്ഥാനി ഗ്രൂപ്പുകള്‍ പങ്കാളികളായി. ലഷ്കര്‍ ഇ തോയ്ബയിലൂടെ നടപ്പാക്കിയ പദ്ധതിയില്‍ സിമി പ്രവര്‍ത്തകരും പങ്കാളികളായി.
പാക്കിസ്ഥാനിലെ ലഷ്കര്‍ നേതാവ് അസിം ചീമയാണ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. എഴ് ഇന്ത്യക്കാരും എഴ് പാക്കിസ്ഥാന്‍ കാരും അടങ്ങിയ സംഘമാണ് എഴു സ്റേഷനുകളിലായി ട്രെയിനില്‍ ബോംബ് സ്ഥാപിച്ചത്.
ഇതില്‍ ജോഗേശ്വരിയില്‍ ബോംബ് വെച്ച ഫൈസല്‍ ഷെയ്ഖ് , മാട്ടുംഗാ റോഡില്‍ വച്ച കമാലുദ്ദീന്‍ അന്‍സാരി, മീരാ റോഡില്‍ വച്ച മഹാരാഷ്ട്രാ സിമി ജനറല്‍ സെക്രട്ടറി ഇത്തിഷാം സിദ്ദിഖി, ഖാറില്‍ ബോംബ് വെച്ച മുഹമ്മദ് നാവേദ് എന്നീ ഇന്ത്യക്കാര്‍ നേരത്തേതന്നെ പിടിയിലായിട്ടുണ്ട്.
മൂന്ന് പേരെ ഇനിയും കിട്ടാനുണ്ട്. പാക്കിസ്ഥാനിലെ ലാഹോര്‍ സ്വദേശിയായ സലിം ട്രെയിനില്‍ ബോംബ് സ്ഥാപിച്ച് ഇറങ്ങും മുംമ്പു തന്നെ സ്ഫോടനം നടന്നതിനെത്തുടര്‍ന്ന് കൊല്ലപ്പെട്ടു. ഇയാളുടെ മൃതദേഹം സയണ്‍ ആശുപത്രിയില്‍ തിരിച്ചറിയാത്തത് എന്ന പേരില്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്.
മറ്റൊരു പാക് പൗരന്‍ മുഹമ്മദ് അലി അബു ഉസാമ എന്നയാള്‍ പിന്നീട് ആന്റോപ് ഹില്ലില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ബാക്കി പാക്കിസ്ഥാനകളെല്ലാം രക്ഷപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തില്‍ 15ന് പ്രതികളെ അറസ്റ് ചെയ്തിട്ടുണ്ട്. അതില്‍ പന്ത്രണ്ട് പേരും സ്ഫോടനങ്ങളുമായി നേരിട്ടുബന്ധമുള്ളവരാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് പാക്കിസ്ഥാനിലെ ബഹാവല്‍പ്പൂരില്‍ ആയുധ പരിശീലനവും വിശദമായ ഗൂഡാലോചനയും നടന്നത്. ഇതില്‍ പതിനൊന്ന് പാക് പൗരന്മാര്‍ ഉള്‍പ്പെടെ 15പ്രമുഖ ലഷ്കര്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു.
അവരാണ് മൂന്ന് സംഘമായി ഇന്ത്യയിലേയ്ക്ക് കടന്നത്. ജൂലൈ എട്ടിനും പത്തിനുമിടയില്‍ ചെമ്പൂരിലെ ശിവാജി നഗര്‍ മേഖലിയില്‍ മുഹമ്മദ് അലി എന്നയാളുടെ വീട്ടില്‍വെച്ചാണ് ബോംബുകള്‍ നിര്‍മ്മിച്ചത്.രണ്ടര കിലോഗ്രാം വരെ ആര്‍ഡിഎക്സും നാലുകിലോഗ്രാം വരെ അമോണിയം നൈട്രേറ്റും ഉപയോഗിച്ച് ടൈമര്‍ ഘടിപ്പിച്ചാണ് ഓരോ ബോംബും നിര്‍മ്മിച്ചത്.
സ്ഫോടന ശേഷി വര്‍ദ്ധിപ്പിക്കുന്നതിനായി ബോംബുകള്‍ പ്രഷര്‍കുക്കറുകളില്‍ നിറയ്ക്കുകയായിരുന്നു. ഇവ ബാന്ദ്രയില്‍ ഫൈസലിന്റെ വീട്ടില്‍ സൂക്ഷിച്ചശേഷം ടാക്സിയില്‍ ചര്‍ച്ച ഗേറ്റ്ജംങ്ഷനില്‍ എത്തിച്ചു. ബോംബ് നിറച്ച കുക്കറുകള്‍ ബാഗില്‍വച്ച് കുടകളും പത്രങ്ങളും കൊണ്ട് മൂടുകയായിരുന്നു.
ഓരോ ഇന്ത്യക്കാരനും പാക്കിസ്ഥാന്‍ കാരനുമടങ്ങുന്ന ഏഴു സംഘങ്ങളായാണ് ബോംബ് വെയ്ക്കാനിറങ്ങിയത്. വിവിധ ഭീകര പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് നാലുവര്‍ഷത്തിനുള്ളില്‍ 60ലക്ഷത്തോളം രൂപ ഫൈസല്‍ ഷെയ്ഖിന് ലഭിച്ചിരുന്നതായി ഭീകരവിരുദ്ധ സ്ക്വാഡ് തലവന്‍ കെ.പി രഘുവംശി അറിയിച്ചു.












Click it and Unblock the Notifications