വിമാനയാത്രാ വിവാദം: ജൂഡീഷ്യല്‍ അന്വേഷണത്തോട് സഹകരിക്കില്ലെന്ന് ലക്ഷ്മി
കൊച്ചി: മുന്‍മന്ത്രി പി.ജെ ജോസഫുമായി ബന്ധപ്പെട്ട വിമാനയാത്രാ വിവാദത്തെക്കുറിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണത്തോട് സഹകരിക്കാന്‍ തയ്യാറല്ലെന്ന് അറിയിച്ചുകൊണ്ട് പരാതിക്കാരിയായ ലക്ഷ്മി ഗോപകുമാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
ജോസഫിനെതിരെ ക്രിമിനല്‍ കേസ് രജിസ്റര്‍ ചെയ്യണമെന്നും ജൂഡീഷ്യല്‍ അന്വേഷണം തടയണമെന്നും ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് നേതാവ് സിമി റോസ്ബെല്‍ ജോണ്‍ സമര്‍പ്പിച്ച കേസിലാണ് ചെന്നൈ സ്വദേശിയും പരാതിക്കാരിയുമായ ലക്ഷ്മി ഗോപകുമാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
സത്യവാങ്മൂലം കേസിലെ രേഖയായി കണക്കാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പരാതിയുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് സത്യവാങ്മൂലം സമര്‍പ്പിക്കുന്നതെന്ന് അവര്‍ അറിയിച്ചു.
പ്രശ്നത്തെക്കുറിച്ച് താന്‍ പ്രതികരിക്കാതിരുന്നപ്പോള്‍ മന്ത്രിയും കൂട്ടരും തനിക്കെതിരെ അപവാദപ്രചരണം നടത്തുകയായിരുന്നുവെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്.
ജൂഡീഷ്യല്‍ അന്വേഷണത്തിന് നിയോഗിക്കേണ്ട ജഡ്ജിമാരുടെ പേരുകള്‍ വരെ ജോസഫ് സര്‍ക്കാറിന് ശുപാര്‍ശചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണം പ്രഹസനമാരും- അവര്‍ ചൂണ്ടിക്കാട്ടി.
നേരത്തേ കോടതിയില്‍ സമര്‍പ്പിച്ച കത്തിലെ ഒപ്പിനെക്കുറിച്ച് സര്‍ക്കാര്‍ സംശയം പ്രകടിപ്പിച്ചതുകൊണ്ടാണ് ഒപ്പിട്ട സത്യവാങ്മൂലം സമര്‍പ്പിക്കുന്നതെന്നും ലക്ഷ്മി വ്യക്തമാക്കി.












Click it and Unblock the Notifications