ഉപമുഖ്യമന്ത്രി പദവും വാഗ്ദാനം ചെയ്തു: ഗൗരിയമ്മ
തുറവൂര്‍: ആന്റണി സര്‍ക്കാരിനെ മറിച്ചിടാന്‍ രണ്ടു കോടി രൂപയ്ക്കു പുറമെ ഉപമുഖ്യമന്ത്രി പദവും വി.എസ്.അച്യുതാനന്ദന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ജെഎസ്എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മ.
ആന്റണി സര്‍ക്കാരിനെ മറിച്ചിടാന്‍ രണ്ടു കോടി രൂപ വി.എസ് വാഗ്ദാനം ചെയ്തുവെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് ഗൗരിയമ്മയുടെ ഈ പ്രസ്താവന. തുറവൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
കൊല്ലം ഗസ്റ് ഹൗസില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. വി.എസ് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് എ.വി.താമരാക്ഷനാണ് തന്നെ സമീപിച്ച് പറഞ്ഞത്. വി.എസും എം.എ.ബേബിയും തന്നെ വന്നു കണ്ട് ഈ വാഗ്ദാനങ്ങള്‍ അറിയിക്കുകയായിരുന്നു. താത്കാലിക നേട്ടത്തിനു വേണ്ടി മുന്നണി വിടാന്‍ തയ്യാറല്ലെന്നു ഞാന്‍ അവരോട് വ്യക്തമാക്കി. ഇക്കാര്യം സിപിഎമ്മിനോ വി.എസിനോ നിഷേധിക്കാനാവില്ലെന്നും ഗൗരിയമ്മ പറഞ്ഞു.
അതേ സമയം താന്‍ രണ്ടു കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ഗൗരിയമ്മയുടെ പ്രസ്താവന അടിസ്ഥാനമില്ലാത്തതാണെന്ന് വി.എസ് തിരുവനന്തപുരത്ത് പറഞ്ഞു. കൊല്ലം ഗസ്റ് ഹൗസില്‍ വച്ച് കണ്ടപ്പോള്‍ പഴയ സഹപ്രവര്‍ത്തക എന്ന നിലയില്‍ കുശലാന്വേഷണം നടത്തുക മാത്രമാണ് താന്‍ ചെയ്തത്. സിപിഎമ്മില്‍ നിന്നും പുറത്താവുകയും തിരഞ്ഞെടുപ്പില്‍ തോല്‍ക്കുകയും ചെയ്തതോടെ എന്തും വിളിച്ചു പറയാമെന്ന തോന്നലാണ് ഗൗരിയമ്മയ്ക്കെന്നും വി.എസ് പറഞ്ഞു.












Click it and Unblock the Notifications