പാര്‍ലമെന്റ് സ്റാന്റിംഗ് കമ്മിറ്റി മുല്ലപ്പെരിയാല്‍ സന്ദര്‍ശിക്കും
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിച്ച് പ്രശ്നങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കാന്‍ പാര്‍ലമെന്റ് ജലവിഭവ സ്റാന്റിംഗ് കമ്മറ്റി തീരുമാനിച്ചു.
അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മിലുള്ള അഭിപ്രായഭിന്നതകള്‍ ചര്‍ച്ച ചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക യോഗമാണ് അണക്കെട്ടു സന്ദര്‍ശിക്കുകയെന്ന തീരുമാനമെടുത്തത്.
തമിഴ്നാടിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന എം.കെ കുമരന്‍ എംപി യോഗത്തില്‍ പങ്കെടുത്തില്ല.
പി.ജെ കുര്യന്‍ എംപിയാണ് അണക്കെട്ടു സംബന്ധിച്ച കേരളത്തിന്റെ ആശങ്ക യോഗത്തില്‍ അവതരിപ്പിച്ചത്.
കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും നാശം വരുത്തുന്ന രീതിയില്‍ അണക്കെട്ടിന്റെ സംഭരണ ശേഷി ഉയര്‍ത്തുന്നതില്‍ സമിതിയിലെ അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു.
അണക്കെട്ടിന്റെ പഴക്കവും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. ചര്‍ച്ചകള്‍ക്കു ശേഷമാണ് പ്രശ്നങ്ങളുടെ നിജസ്ഥിതി അറിയുന്നതിനായി അണക്കെട്ടു പ്രദേശത്ത് നേരിട്ടു സന്ദര്‍ശനം നടത്തുക എന്ന തീരുമാനത്തില്‍ അംഗങ്ങള്‍ എത്തിച്ചേര്‍ന്നത്.
സ്പീക്കറുടെ അനുമതി ലഭിച്ചശേഷം മാത്രമേ സന്ദര്‍ശന തീയതി തീരുമാനിക്കുകയുള്ളു. എന്തായാലും സന്ദര്‍ശനം ഏറെ വൈകില്ലെന്ന് ഇതു സംബന്ധിച്ച വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്.
യോഗത്തിന്റെ പൊതുവികാരം കേരളത്തിന് അനുകൂലമാണെന്നാണ് അറിവ്. റായ്പേട്ട് സാംബശിവറാവുവിന്റെ നേതൃത്വത്തിലുള്ള 27 അംഗങ്ങളാണ് സ്റാന്റിംഗ് കമ്മറ്റിയിലുള്ളത്.
കേരളത്തില്‍ നിന്ന് എംപിമാരായ ലോനപ്പന്‍ നമ്പാടന്‍, കെ. ഇ ഇസ്മായീല്‍, പി. ജെ കുര്യന്‍ എന്നിവരാണ് സമിതിയിലുള്ളത്.












Click it and Unblock the Notifications