സിപിഎമ്മിലേക്ക് തിരിച്ചുവിളിച്ചു: ഗൗരിയമ്മ
ആലപ്പുഴ: സിപിഎമ്മിലേക്ക് തന്നെ തിരിച്ചുവിളിക്കാന്‍ പിണറായി വിജയന്‍ ദൂതനെ അയച്ചിരുന്നുവെന്ന് ജെഎസ്എസ് നേതാവ് കെ.ആര്‍.ഗൗരിയമ്മ.
കെ.പി.പി.നമ്പ്യാരെയാണ് പിണറായി വിജയന്‍ ദൂതനായി മന്ത്രിയായിരുന്നപ്പോള്‍ തന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലേക്ക് അയച്ചത്. കാണുന്ന വെള്ളത്തില്‍ മീന്‍ പിടിച്ചു നടക്കാനാവില്ലെന്ന് പറഞ്ഞ് താന്‍ നമ്പ്യാരെ തിരിച്ചയക്കുകയായിരുന്നു.
ആന്റണി സര്‍ക്കാരിനെ താഴെയിറക്കാന്‍ മുഖ്യമന്ത്രി പദവും രണ്ട് കോടി രൂപയും വാഗ്ദാനം ചെയ്തുവെന്ന ഗൗരിയമ്മയുടെ പ്രസ്താവന മാനസിക വിഭ്രാന്തി മൂലമാണെന്ന പിണറായി വിജയന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
തന്നെ പോലുള്ള പഴയകാല കമ്യൂണിസ്റ് നേതാക്കള്‍ ചെയ്തതിന്റെ ഫലമാണ് പിണറായി വിജയന്‍ ഇപ്പോള്‍ ചക്രവര്‍ത്തിയെ പോലെ ഇരുന്ന് അനുഭവിക്കുന്നത്. വിജയനേക്കാളും കൂടുതല്‍ ആ പാര്‍ട്ടിക്ക് താന്‍ സംഭാവന ചെയ്തിട്ടുണ്ട്. എന്നെ പുറത്താക്കിയപ്പോള്‍ അപ്പീല്‍ നല്‍കാന്‍ മുതിരാതിരുന്നത് ആ പാര്‍ട്ടി മടുത്തിട്ടാണ് താന്‍ പോന്നത് എന്നതു കൊണ്ടാണ്.
കൊല്ലം ഗസ്റ് ഹൗസില്‍ വച്ച് തന്നെ കണ്ട വി.എസ്. ഗൗരിയമ്മയെ പോലുള്ളവര്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തുണ്ടെങ്കില്‍ കരുണാകരനെ പിന്തുണക്കാന്‍ വിഷമമില്ലെന്നാണ് പറഞ്ഞത്. പാര്‍ട്ടി എംഎല്‍എമാരെ പര്‍ച്ചേസ് ചെയ്യാന്‍ ശ്രമിക്കുകയാണോ എന്ന് താന്‍ തിരിച്ചുചോദിച്ചു. എം.എ.ബേബിയും ഇതേ ആവശ്യവുമായി പിന്നീട് തന്നെ കാണാന്‍ വന്നു.
തനിക്ക് ഒരു മറവിയുമില്ലെന്നും ആരെയെങ്കിലും തേജോവധം ചെയ്യാന്‍ വേണ്ടിയല്ല താന്‍ ഇത് പറയുന്നതെന്നും ഗൗരിയമ്മ വ്യക്തമാക്കി.












Click it and Unblock the Notifications