ആതിരപ്പള്ളിയില്‍ 5 കോടിയുടെ ടൂറിസം പദ്ധതി
തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ ആതിരപ്പള്ളിയില്‍ അഞ്ച് കോടി രൂപയുടെ ടൂറിസം വികസനം നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.
വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസന പദ്ധതി നടപ്പാക്കുന്നത്. വെള്ളച്ചാട്ടം കാണുന്നതിനുള്ള സൗകര്യങ്ങളൊരുക്കുകയും ആധുനികമായ വെളിച്ച ക്രമീകരണങ്ങള്‍ നടപ്പിലാക്കുകയും ചെയ്യും.
പദ്ധതിക്കായി 3.5 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. 1.5 കോടി രൂപ നല്‍കേണ്ടത് സംസ്ഥാനമാണെന്നും മന്ത്രി പറഞ്ഞു. സി.രവീന്ദ്രനാഥി(സിപിഎം) സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.
ആതിരപ്പള്ളി വെള്ളച്ചാട്ടം, പീച്ചി, ചിമിനി ഡാമുകള്‍ ബന്ധിപ്പിക്കുന്ന ടൂറിസം പദ്ധതിയും പരിഗണനയിലുണ്ട്. കായംകുളം കായലോരത്തിന് സമീപമുള്ള വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനത്തിനായി ആലപ്പുഴ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനോട് പദ്ധതി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയതിനു ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും- മന്ത്രി പറഞ്ഞു.












Click it and Unblock the Notifications