തന്ത്രി കേസ്: ബ്രയിന്‍മാപ്പിംഗിനുള്ള അപേക്ഷ കോടതി തള്ളി
കൊച്ചി: ശബരിമല തന്ത്രി കണ്ഠരര് മോഹനരെ മര്‍ദ്ദിയ്ക്കുകയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രധാന പ്രതി ബെച്ചു റഹ്മാനെ ബ്രയിന്‍ മാപ്പിംഗിനും നുണപരിശോധനയ്ക്കും വിധേയനാക്കാന്‍ അനുവാദം തേടിയുള്ള അപേക്ഷ കോടതി തള്ളി.
ഇതോടൊപ്പംതന്നെ ബച്ചു റഹ്മാന്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയും ചീഫ് ജൂഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി തള്ളി. ഇയാളെ ഒക്ടോബര്‍ 26 വരെ ജുഡീഷ്യല്‍ കസ്റഡിയില്‍ വിട്ടുകൊടുത്തു കൊണ്ട് കോടതി ഉത്തരവിടുകയും ചെയ്തു.
ബുധനാഴ്ച കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണോദ്യോഗസ്ഥരുടെ അപേക്ഷ കോടതി വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിവെയ്ക്കുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ടുള്ള നിജസ്ഥിതി അറിയുന്നതിനായി ബച്ചുവിനെ നാര്‍ക്കോ അനാലിസിസിനും ബ്രയിന്‍ മാപ്പിംഗിനും വിധേയനാക്കുമെന്ന് അന്വേഷണോദ്യോഗസ്ഥര്‍ നേരത്തേ തന്നെ സൂചിപ്പിച്ചിരുന്നു. എന്നാല്‍ കോടതി വിധി വന്നതോടെ ഈ മാര്‍ഗം ഉപയോഗിക്കാന്‍ പറ്റില്ലെന്നുറപ്പായി.
കേസുമായി ബന്ധപ്പെട്ട് നിരവധി ഊഹാപോഹങ്ങള്‍ ഉണ്ടാക്കിയ ശേഷം ഒക്ടോബര്‍ മൂന്നിനാണ് ബച്ചു പൊലീസില്‍ കീഴടങ്ങിയത്.
പിന്നീട് പൊലീസ് ചോദ്യം ചെയ്യലിനിടയില്‍ ശാരീരികാസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെട്ട ബച്ചുവിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.












Click it and Unblock the Notifications