ഡിഐസിയെ ലയിപ്പിക്കാന്‍ എന്‍സിപി തീരുമാനിച്ചു
കൊച്ചി: ഡമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസിന്റെ ലയനത്തിന് എന്‍സിപി ജനറല്‍ ബോഡി അംഗീകാരം നല്‍കി.
ലയനസമ്മേളനം നവംബര്‍ 12ന് കൊച്ചിയില്‍ നടക്കുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പി.സിറിയക് ജോണ്‍ അറിയിച്ചു. ഞായറാഴ്ച നടന്ന എന്‍സിപി ജനറല്‍ ബോഡിയോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമായത്.
ലയനസമ്മേളനത്തിന്റെ വിശദാംശങ്ങള്‍ തിങ്കളാഴ്ച സിറിയക് ജോണും ഡിഐസി പ്രസിഡന്റ് കെ.മുരളീധരനും സംയുക്തമായി പ്രഖ്യാപിക്കും. ലയനത്തിനുശേഷം മാത്രമേ ഭാരവാഹികളെ തീരുമനിക്കുകയുള്ളു.
ഉപാധിരഹിതമായ ലയനമാണ് ഡിഐസി നേതൃത്വം മുന്നോട്ടുവെച്ചതെന്ന് ജനറല്‍ ബോഡിയ്ക്ക് ശേഷം സിറിയക് ജോണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടതുമുന്നണിയിലെ ദീര്‍ഘവീക്ഷണമില്ലാത്ത കക്ഷികളാണ് ലയനത്തെ എതിര്‍ക്കുന്നത്. ഈ നിലപാട് തെറ്റാണെന്ന് കുറേക്കാലത്തിന് ശേഷം അവര്‍ക്ക് ബോധ്യപ്പെടും.
എന്നും ഇടതുമുന്നണിയില്‍ത്തന്നെതുടരണമെന്ന് എന്‍സിപിയ്ക്കും ആഗ്രഹമില്ല. ലയനത്തിന്ശേഷം എന്‍സിപിഉണ്ടാവില്ലെന്ന വാദങ്ങള്‍ അസ്ഥാനത്താണ്. ഡിഐസി എന്‍സിപിയിലാണ് ലയിക്കുന്നത്. ലയനത്തിന് ശേഷം എന്‍സിപിയുടെ നിലപാടുകളായിരിക്കും പാര്‍ട്ടി തുടരുക- സിറിയക് ജോണ്‍ പറഞ്ഞു.
12ന് മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ലയനസമ്മേളനത്തില്‍ എന്‍സിപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ശരദ് പവാര്‍, ഡിഐസി നേതാവ് കെ.കരുണാകരന്‍ എന്നിവര്‍ പങ്കെടുക്കും.
പവാറിന്റെ അദ്ദേഹത്തിന്റെ സൗകര്യാര്‍ത്ഥമാണ് ഒക്ടോബര്‍ 30ന് നടക്കേണ്ടിയിരുന്ന ലയന സമ്മേളനം നവംബറിലേയ്ക്ക് മാറ്റിയത്.
പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ഇരുപാര്‍ട്ടികള്‍ക്കുമിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സ്ഥാനമാനങ്ങള്‍ വീതം വയ്ക്കുന്നതില്‍ കരുണാകരന്റെ പിടിവാശി നടക്കില്ലെന്ന ഷണ്‍മുഖദാസിന്റെ പ്രസ്താവന ഇതിനകംതന്നെ ചര്‍ച്ചാവിഷയമായിട്ടുണ്ട്.
എന്നാല്‍ ഡിഐസിയ്ക്ക് അര്‍ഹമായ സ്ഥാനമാനങ്ങള്‍ നല്‍കണമെന്നാണ് പവാറിന്റെ തീരുമാനം. കരുണാകരനെ ദേശീയ നേതൃനിരയിലേയ്ക്ക് കൊണ്ടുവരുന്നകാര്യവും അദ്ദേഹത്തിന്റെ പരിഗണനയിലാണെന്നാണ് അറിവ്.
ലയനത്തിന്ശേഷം മുരളീധരന്‍ എന്‍സിപി സംസ്ഥാന അധ്യക്ഷനാകാനാണ് സാധ്യത. പതിനൊന്ന് ജില്ലാകമ്മറ്റികള്‍ ഡിഐസിയ്ക്കും കണ്ണൂര്‍ ഉള്‍പ്പെടെ മൂന്നെണ്ണം എന്‍സിപിയ്ക്കും എന്നാണ് ധാരണയായിരിയ്ക്കുന്നത്.
പ്രധാനപ്പെട്ട പോഷക സംഘടനകളും ഡിഐസിയ്ക്ക് ലഭിച്ചേയ്ക്കും. 12ന് നടക്കുന്ന ലയനസമ്മേളനത്തല്‍ ഒരു ലക്ഷം പ്രവര്‍ത്തകരെ അണിനിരത്ത് ശക്തി പ്രകടിപ്പിക്കാനാണ് ഡിഐസിയുടെ തീരുമാനം.












Click it and Unblock the Notifications