ധ്യാനകേന്ദ്രത്തിലെ റെയ്ഡ്: പ്രതിപക്ഷം സഭ വിട്ടു
തിരുവനന്തപുരം: മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ മുന്നറിയിപ്പില്ലാതെ പൊലീസ് നടത്തിയ റെയ്ഡില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
കെ.എം. മാണിയാണ് ഈ വിഷയം സബ്മിഷനിലൂടെ ഉന്നയിച്ചത്. മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ പൊലീസ് നടത്തിയ പരിശോധന ശരിയായ രീതിയിലായിരുന്നില്ലെന്ന് മാണി പറഞ്ഞു. വിശ്വാസികളായ സ്ത്രീകളോടു പോലും പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്ന് മാണി ആരോപിച്ചു.
ശൂന്യവേളയില്‍ പ്രശ്നം അടിയന്തരപ്രമേയമായി അവതരിപ്പിക്കാന്‍ മാണി സ്പീക്കറുടെ അനുമതി തേടിയെങ്കിലും അനുവാദം ലഭിച്ചില്ല. സബ്മിഷനിലൂടെ അവതരിപ്പിക്കാനാണ് സ്പീക്കര്‍ നിര്‍ദ്ദേശിച്ചത്.
നിജസ്ഥിതി മനസിലാക്കാന്‍ ആഭ്യന്തര മന്ത്രിയോ മുഖ്യമന്ത്രിയോ മുരിങ്ങൂര്‍ ധ്യാന കേന്ദ്രം സന്ദര്‍ശിക്കണമെന്നും അതിക്രമം കാട്ടിയ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മാണി ആവശ്യപ്പെട്ടു.
ധ്യാന കേന്ദ്രത്തില്‍ റെയ്ഡോ പരിശോധനയോ പൊലീസ് നടത്തിയിട്ടില്ലെന്ന് ഇതിന് മറുപടിയായി ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തെത്. പരിശോധനയുടെയെല്ലാം വീഡിയോ ചിത്രങ്ങള്‍ പൊലീസ് എടുത്തിട്ടുണ്ട്. റിപ്പോര്‍ട്ട് സര്‍ക്കാരിനല,്ല കോടതിയില്‍ സമര്‍പ്പിക്കാനാണ് ഹൈക്കോടതി പറഞ്ഞിട്ടുള്ളത്. ഇതൊരു രാഷ്ട്രീയ വിഷയമായി എടുക്കരുതെന്നും മന്ത്രി പറഞ്ഞു.
ഇക്കാര്യത്തില്‍ പൊലീസ് നടപടികളില്‍ ഇടപെടേണ്ടതില്ലെന്ന് നിയമോപദേശം കിട്ടിയിട്ടുള്ളതിനാല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. ആഭ്യന്ത്രമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങുകയായിരുന്നു.












Click it and Unblock the Notifications