ചോദ്യച്ചോര്‍ച്ച: ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് സിബിഐ
കൊച്ചി: എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ ഉന്നതര്‍ക്ക് പങ്കുള്ളതായി അന്വേഷണത്തില്‍ വെളിവായിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം തുടരുകയാണെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.
പരീക്ഷാ ഭവന്‍ മുന്‍ സൂപ്രണ്ട് വിജയന്‍ നായരെ ചോദ്യം ചെയ്തപ്പോഴാണ് ഉന്നതര്‍ ആരൊക്കെയാണെന്നകാര്യം വ്യക്തമായതെന്നും അവരുടെ പേരുകള്‍ കോടതിയില്‍ പരസ്യമായി വെളിപ്പെടുത്താനാകില്ലെന്നും സിബിഐ അഭിഭാഷകന്‍ ശ്രീകുമാര്‍ അറിയിച്ചു.
കേസിലെ പത്താം പ്രതിയായ എം. ഗോപാലന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവേയാണ് സിബിഐ ഇക്കാര്യം കോടതിയെ ബോധിപ്പിച്ചത്.
കേസിലെ മൂന്നാംപ്രതിയും ചെന്നൈ വിശ്വനാഥന്‍ പ്രിന്റേസ് ജനറല്‍ മാനേജരുമായിരുന്ന രാജന്‍ ചാക്കോ മുന്‍മന്ത്രി നാലകത്ത് സൂപ്പിയുടെ ഓഫീസിലെ നിത്യ സന്ദര്‍ശകനായിരുന്നുവെന്ന് സാനുവിനെയും, എസ്. രവീന്ദ്രനേയും ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായിട്ടുണ്ട്.
കരാര്‍ ലഭിക്കുന്നതിനുവേണ്ടി രാജന്‍ ചാക്കോ 2001 അവസാനം സൂപ്പിയെ നേരിട്ടുകണ്ടിരുന്നു. 2002ലെ ചോദ്യപ്പേപ്പര്‍ അച്ചടിക്കരാര്‍ തനിയ്ക്കുതന്നെ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച.
64 ലക്ഷം രൂപയ്ക്ക് എസ്എസ്എല്‍സിയുടെ ചോദ്യപ്പേപ്പറുകള്‍ അച്ചടിച്ചുനല്‍കാമെന്നായിരുന്നു ചാക്കോയുടെ വാഗ്ദാനം. ഇതിനായി ഗോപാലനെ സമീപിക്കാന്‍ സൂപ്പി ചാക്കോയ്ക്ക് നിര്‍ദ്ദേശം നല്‍കി.
അന്ന് മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ഡിപിഐയുമായിരുന്നു ഗോപാലന്‍. ചോദ്യപ്പേപ്പര്‍ അച്ചടിസംബന്ധിച്ച് തീരുമാനം എടുക്കേണ്ട സമിതിയുടെ അധ്യക്ഷനും ഗോപാലന്‍ തന്നെയായിരുന്നു- സിബിഐ വ്യക്തമാക്കി.
വിശ്വനാഥന്‍ പ്രിന്റേസുമായുള്ള 2001ലെ കരാര്‍ കാലാവധി കഴിഞ്ഞിട്ടം പുതിയ വിജ്ഞാപനം പുറപ്പെടുവിക്കതിരുന്നത് അന്ന് പരീക്ഷാഭവന്‍ സെക്രട്ടറിയായിരുന്ന എസ്. രവീന്ദ്രനായിരുന്നു.
മുകളില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചതോടെ ടെന്‍ഡര്‍ വിജ്ഞാപനം പോലും നടത്താതെ കരാര്‍ 64ലക്ഷം രൂപയ്ക്ക് ഉറപ്പിക്കുകയായിരുന്നു. എന്നാല്‍ എല്ലാ പ്രിന്റിംഗ് ജോലികള്‍ക്കുംകൂടി വന്‍തുകയാണ് വ്യവസ്ഥ ലംഘിച്ച് രാജന്‍ ചാക്കോ ഈടാക്കിയത്. ഇത് ഉദ്യോഗസ്ഥര്‍ അനുവദിച്ചുകൊടുക്കുകയും ചെയ്തു.
2000ത്തില്‍ കൊല്‍ക്കത്ത ആസ്ഥാനമായുള്ള കമ്പനിയ്ക്കായിരുന്നു ടെന്‍ഡര്‍. 2001ല്‍ ഇത് വിശ്വനാഥന്‍ പ്രിന്റേസിന് നല്‍കാന്‍വേണ്ടി രാജന്‍ ചാക്കോയില്‍ നിന്ന് കോടിക്കണക്കിന് രൂപ ബിനാമി അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്യപ്പെട്ടതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്.
2005വരെ ഇതുതുടരുകയായിരുന്നു. ഈ തുക കൈപ്പറ്റിയവര്‍ ആരൊക്കെയാണെന്ന് കോടതിയില്‍ പരസ്യമായി വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് സിബിഐ അഭിഭാഷകന്‍ പറഞ്ഞു.
ഇതില്‍ നാലകത്ത് സൂപ്പിക്കുള്ള പങ്കാളിത്തത്തെക്കുറിച്ച് അന്വേഷണം നടന്നുവരുകയാണെന്നും സിബിഐ കോടതിയെ അറിയിച്ചു. സിബിഐയ്ക്കു മുന്നില്‍ ഹാജരാകാന്‍ സൂപ്പിയ്ക്ക് നോട്ടീസ് നല്‍കിയ കാര്യവും കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
സൂപ്പിയുടെയും, ഇ.ടി മുഹമ്മദ് ബഷീറിന്റെയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരന്ന എം. ഗോപാലന്‍ സംഭവത്തില്‍ വ്യക്തമായ പങ്കുണ്ടെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.
വിശ്വനാഥന്‍ പ്രിന്റേസിന് 2002ല്‍ അച്ചടി കാരാര്‍ കൊടുത്ത വകയില്‍ മൂന്ന് കോടിരൂപയാണ് വകമാറ്റി ചെലവഴിച്ചത്. അനധികൃത മാര്‍ഗത്തിലുടെ ഗോപാലനും മറ്റു ചില ഉദ്യോഗസ്ഥരും വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്.
എം. ഗോപാലനെതിരെ കണ്ടെത്തിയ രേഖകള്‍ കോടതിയില്‍ ഹാജരാക്കാന്‍ ജസ്റിസ് ജെ. എം ജയിംഗ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഗോപാലന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും












Click it and Unblock the Notifications