തമിഴ്നാടിന് നെയ്യാറിലെ വെള്ളം നല്‍കും
തിരുവനന്തപുരം: നെയ്യാറിലെ വെള്ളം തമിഴ്നാടിന് നല്‍കുന്നതു സംബന്ധിച്ച കരാറില്‍ ഒപ്പുവയ്ക്കുന്നതിന് സംസ്ഥാന സര്‍ക്കാരിനെ ചുമതലപ്പെടുത്തുന്ന പ്രമേയം നിയമസഭ പാസാക്കി. പ്രമേയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
വില ഈടാക്കിയാണ് വെള്ളം തമിഴ്നാടിന് നല്‍കുക. തമിഴ്നാട്ടിലെ വിളങ്കോട് താലൂക്കിലെ കാര്‍ഷികാവശ്യങ്ങള്‍ക്ക് കാലാനുസൃതമായി വില ഈടാക്കി വെള്ളം നല്‍കാനുള്ള കരാറാണ് തമിഴ്നാടുമായി ഒപ്പുവയ്ക്കുക.
പ്രമേയത്തിന്മേലുള്ള ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്ത ശേഷമാണ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയത്. കരാറിലെ വ്യവസ്ഥകള്‍ കൂടി നിയമസഭയെ അറിയിക്കുന്ന പ്രമേയം കൊണ്ടുവരികയാണ് ഉചിതമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ഈ വിഷയത്തില്‍ സര്‍ക്കാരിനെ എതിര്‍ത്തത്.
അതേ സമയം നെയ്യാറില്‍ നിന്ന് 1964 മുതല്‍ 2004 ജനവരി 10 വരെ സൗജന്യമായി തമിഴ്നാടിന് വെള്ളം നല്‍കിയിരുന്നുവെന്ന് ജലവിഭവ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. വീണ്ടും വെള്ളം നല്‍കുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിക്കാനിരിക്കെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.












Click it and Unblock the Notifications