ഹിന്ദി സിനിമാ സംവിധായകരെ കാത്ത് കേരളം
കൊച്ചി: കേരളത്തിലെ പ്രകൃതിഭംഗിയെയും കാലാവസ്ഥയെയും മുന്‍നിര്‍ത്തി ടൂറിസം സാധ്യതകളെ വര്‍ദ്ധിപ്പിക്കുന്നതിനായി ടൂറിസം വകുപ്പ് പുതിയ പദ്ധതികള്‍ തയ്യാറാക്കുന്നു.
ഹിന്ദി സിനിമാരംഗത്തെ ലക്ഷ്യം വെച്ചുകൊണ്ടാണ് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിനായി കേരളത്തിലുള്ള സാധ്യതകളെക്കുറിച്ചും അതിന് പറ്റിയ സ്ഥലങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ ഹിന്ദി ചലച്ചിത്ര സംവിധായകരിലെത്തിയ്ക്കുന്നതാണ് പുതിയ പദ്ധതി.
അഞ്ച് വര്‍ഷം മുമ്പ് വരെ ഹിന്ദി സംവിധായകര്‍ക്കിടയില്‍ ചിത്രീകരണത്തിന് പറ്റിയ സ്ഥലമെന്ന പരിഗണന കേരളത്തിനുണ്ടായിരുന്നില്ല. ചിത്രീകരണത്തിന് വേണ്ടിവരുന്ന അടിസ്ഥാനസൗകര്യങ്ങളുടെ ലഭ്യതക്കുറവുതന്നെയായിരുന്നു ഇതിന് കാരണം. എന്നാല്‍ ഇപ്പോള്‍ ഈ സ്ഥിതിയ്ക് മാറ്റമുണ്ടായിട്ടുണ്ട്.
പല ചിത്രങ്ങള്‍ക്കുമായി നിരവധി സംവിധായകര്‍ കേരളത്തിലെത്തി. ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കാനാണ് പുതിയ പദ്ധതി- സംസ്ഥാന ടൂറിസം ഡയറക്ടര്‍ ബി. സുമന്‍ പറയുന്നു.
കേരളത്തിലെ പ്രധാനപ്പെട്ട ലൊക്കേഷനുകളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കന്ന രണ്ട് സിഡികളും ബ്രൗഷറുകളുമാണ് ഇതിനായി വകുപ്പധികൃതര്‍ തയ്യാറാക്കിയിരിയ്ക്കുന്നത്.ഹിന്ദി സിനിമയിലെ പ്രമുഖ സംവിധായകരായ മഹേഷ് ഭട്ട്, രാം ഗോപാല്‍ വര്‍മ എന്നിവരടക്കം വിവിധ സംവിധായകര്‍ക്ക് ഇതിന്റെ പകര്‍പ്പുകള്‍ ഇതിനകം തന്നെ നല്‍കിക്കഴിഞ്ഞു.
കേരളത്തിലെ വനങ്ങള്‍, കടല്‍ത്തീരം, ഉള്‍നാടന്‍ ജലപാതകള്‍, വെള്ളച്ചാട്ടങ്ങള്‍ തുടങ്ങി സിനിമാ ചിത്രീകരണത്തിന് അനുയോജ്യമായ പ്രദേശങ്ങളുടെയെല്ലാം വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഒറ്റപ്പാലം, മൂന്നാര്‍, കുമരകം തുടങ്ങി ഇപ്പോള്‍ത്തന്നെ സംവിധായകര്‍ താല്പര്യം കാണിച്ചിട്ടുള്ള പ്രദേശങ്ങളെപ്പറ്റിയുള്ള വിവരങ്ങളും ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സുമന്‍ പറഞ്ഞു.












Click it and Unblock the Notifications