ഗുരുവായൂര്‍ ഉദയാസ്തമന പൂജ: തീരുമാനം റദ്ദാക്കി
ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉദയാസ്തമന പൂജകളുടെ എണ്ണം കൂട്ടിയ ദേവസ്വം ബോര്‍ഡിന്റെ നടപടി റദ്ദാക്കിയതായി ക്ഷേത്രം അഡ്മിനിസ്ട്രേറ്റര്‍ കെ.അനില്‍കുമാര്‍ അറിയിച്ചു.
തന്ത്രിയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ബോര്‍ഡ് തീരുമാനം റദ്ദാക്കിയത്. ഉദയാസ്തമ പൂജ നടത്തുന്നതിന് ബുക്ക് ചെയ്ത് നീണ്ട വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കാനായിരുന്നു ബോര്‍ഡ് പൂജകളുടെ എണ്ണം കൂട്ടാന്‍ തീരുമാനിച്ചിരുന്നത്. 2049 വരെയുള്ള ഉദയാസ്തമ പൂജ ഇതിനകം ബുക്ക് ചെയ്തു കഴിഞ്ഞു. 1992ല്‍ ബുക്ക് ചെയ്ത പൂജകളാണ് ഇപ്പോള്‍ നടത്തുന്നത്.
2007 ജനവരി ഒന്ന് മുതല്‍ ഉദയാസ്തമ പൂജകളുടെ എണ്ണം കൂട്ടാനുള്ള ബോര്‍ഡിന്റെ തീരുമാനത്തോട് തന്ത്രി ചേന്നാസ് രാമന്‍ നമ്പൂതിരിപ്പാടിന് കടുത്ത എതിര്‍പ്പുണ്ടായിരുന്നുവെന്ന് അനില്‍കുമാര്‍ പറഞ്ഞു.
ആചാരാനുഷ്ഠാനങ്ങളില്‍ മാറ്റം വരുത്താനുള്ള അധികാരം തന്ത്രിക്കാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നത്. ക്ഷേത്രത്തിലെ മറ്റ് ജീവനക്കാരുമായി ചര്‍ച്ച ചെയ്ത ശേഷം പൂജകളുടെ എണ്ണം കൂട്ടാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേ തുടര്‍ന്നാണ് തീരുമാനം റദ്ദാക്കാന്‍ ബോര്‍ഡ് തീരുമാനിച്ചത്.
ഉദയം മുതല്‍ അസ്തമനം വരെ നടത്തുന്ന പൂജയ്ക്ക് 55,000 രൂപയാണ് ഭക്തര്‍ നല്‍കേണ്ടത്. ക്ഷേത്രത്തിലെ ആചാരമനുസരിച്ച് വര്‍ഷത്തില്‍ 110 പ്രാവശ്യം മാത്രമേ ഉദയാസ്തമന പൂജ നടത്താവൂ.
സാധാരണ പൂജയ്ക്ക് 27 ചടങ്ങുകളാണുള്ളത്. ഉദയാസ്തമന പൂജയ്ക്ക് 18 ചടങ്ങുകള്‍ വേറെയുമുണ്ട്. രാവിലെ ഏഴ് മണിക്കാണ് പൂജ ആരംഭിക്കുക. വൈകുന്നേരം വരെ പൂജ നീണ്ടുനില്‍ക്കു. സമാപന ചടങ്ങ് അടുത്ത ദിവസം വൈകീട്ടാണ് നടത്തുക.












Click it and Unblock the Notifications