മലയാള സിനിമയിലെ ദീപ്തസൗന്ദര്യം ഓര്‍മ്മയായി
തിരുവനന്തപുരം: കോരിച്ചൊരിഞ്ഞ പേമാരിയ്ക്കിടയിലും തിങ്ങിനിറഞ്ഞ ആയിരങ്ങളുടെ ആദരാഞ്ജലികളേറ്റുവാങ്ങി മലയാളസിനിമയുടെ ദീപ്തസൗന്ദര്യം ശ്രീവിദ്യ ഓര്‍മ്മയായി.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടുമണിയോടെ കരമന ബ്രാഹ്മണ സമുദായം ശ്മശാനത്തില്‍ ഒരുക്കിയ ചിതയ്ക്ക് സഹോദരന്‍ ശങ്കരരമാന്‍ തീകൊളുത്തി.
വിജെടി ഹാളില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം ഒരു നോക്കുകാണാനും അന്ത്യാഞ്ജലിയര്‍പ്പിക്കാനുമായി കത്തമഴയിലും ആയിരങ്ങള്‍ തടിച്ചുകൂടി.
മകന്റെ സ്ഥാനത്തുനിന്ന് എല്ലാ കാര്യങ്ങള്‍ക്കും നേതൃത്വം നല്‍കിയത് മുന്‍മന്ത്രിയും നടനുമായി കെ.ബി ഗണേശ് കുമാറായിരുന്നു. വിവാഹത്തെത്തുടര്‍ന്ന് ക്രിസ്തുമതം സ്വീകരിച്ച ശ്രീവിദ്യ വീണ്ടും ബ്രാഹ്മണസമുദായത്തിലേയ്ക്ക് തിരിച്ചുവന്നതുകൊണ്ടാണ് കരമനയിലെ സമുദായ ശ്മശാനത്തില്‍ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്.
ശ്മശാനകവാടത്തിലും മൃതദേഹം ഏതാനും മിനിറ്റുകള്‍ പൊതുദര്‍ശനത്തിന് വെച്ചിരുന്നു. സംസ്ഥാന ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്.
ചിതാഭസ്മം ശനിയാഴ്ച രാവിലെ ശംഖുമുഖത്ത് സഹോദരന്‍ ശങ്കരരാമന്‍ നിമജ്ഝനം ചെയ്യും.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍, മന്ത്രിമാരായ എന്‍.കെ പ്രേമചന്ദ്രന്‍, സി. ദിവാകരന്‍, മാത്യു ടി തോമസ്, ബിനോയ് വിശ്വം, എം.എ ബേബി, മുല്ലക്കര രത്നാകരന്‍, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, മമ്മൂട്ടി, പെരുമ്പടവം ശ്രീധരന്‍, കുഞ്ചാക്കോ ബോബന്‍ , സായികുമാര്‍, എം.ജി രാധാകൃഷ്ണന്‍, മധു, കെപിഎസി ലളിത, മേനക, ചിപ്പി, ബാലചന്ദ്രമേനോന്‍, രഞ്ജിത്ത്, കലൂര്‍ ഡെന്നിസ്, ബിന്ദുപണിക്കര്‍, രേവതി, മണിയന്‍ പിള്ള രാജി, പ്രേം പ്രകാശ്, സുരേഷ് കൃഷ്ണ, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, വേണുനാഗവള്ളി, ടി. കെ രാജീവ് കുമാര്‍ തുടങ്ങി ചലച്ചിത്ര രാഷ്ട്രീയ സാംസ്കാരിക രംഗത്തുനിന്നുള്ള പലപ്രമുഖരും അരങ്ങൊഴിയുന്ന കലാകാരിയ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയിരുന്നു.












Click it and Unblock the Notifications