ശ്രീവിദ്യയുടെ സ്വത്തുക്കള്‍ കലാരംഗത്തിന്
തിരുവനന്തപുരം: ശ്രീവിദ്യ തന്റെ സമ്പാദ്യങ്ങളെല്ലാം കലാരംഗത്തെ പുരോഗമനപ്രവര്‍ത്തനങ്ങള്‍ക്കും ജീവകാരുണ്യത്തിനുമായി നീക്കിവച്ചു.
സ്വത്തുക്കള്‍ വിറ്റുകിട്ടുന്ന പണം പ്രതിഭയുള്ള പാവപ്പെട്ട കുട്ടികള്‍ക്ക് പഠിക്കാനും രോഗം മൂലം അവശതയനുഭവിക്കുന്ന കലാകാരന്‍മാര്‍ക്ക് സഹായം നല്‍കാനും വിനിയോഗിക്കണമെന്നുമാണ് ശ്രീവിദ്യ വില്‍പ്പത്രത്തില്‍ നിര്‍ദ്ദേശിച്ചിരിക്കന്നത്.
ഈ പ്രവര്‍ത്തനങ്ങള്‍ക്കായി രൂപംകൊടുക്കുന്ന ചാരിറ്റബിള്‍ സൊസൈറ്റിയുടെ കോര്‍പസ് ഫണ്ടായി സ്വത്തുക്കള്‍ വിറ്റുകിട്ടുന്ന പണം ഉപയോഗിക്കണം. കലാപ്രതിഭയുള്ള പാവപ്പെട്ട കുട്ടികള്‍ക്കു പഠിക്കാന്‍ സംഗീത വിദ്യാലയവും നൃത്തവിദ്യാലയവും സ്ഥീപിക്കണമെന്നും അവര്‍ വില്‍പ്പത്രിത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നടന്‍ കെ.ബി ഗണേശ് കുമാറിനെയാണ് ഈ കാര്യങ്ങളുടെ മേല്‍നോട്ടത്തിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. സൊസൈറ്റിയുടെ ഭരണസമിതിയില്‍ ഗണേശന് പുറമെ പ്രമുഖരായ ഏഴു പേര്‍ അംഗങ്ങളായിരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് ഫിലിം ഫ്രറ്റേണിറ്റി സംഘടിപ്പിച്ച അനുശോചനയോഗത്തില്‍ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റും ശ്രീവിദ്യയുടെ ഓഡിറ്ററുമായ എസ്. റാം മോഹനാണ് വില്‍പ്പത്രത്തിലെ നിര്‍ദ്ദേശങ്ങള്‍ വായിച്ചത്. 2006 ഓഗസ്റില്‍ ശാസ്തമംഗലം സബ്രജിസ്ട്രാര്‍ ഓഫീസിലാണ് വില്‍പ്പത്രം രജിസ്റര്‍ ചെയ്തിരിക്കുന്നത്.
വട്ടിയൂര്‍ക്കാലില്‍ എട്ടുസെന്റിലുള്ള സായി എന്നവീടും ചെന്നൈയിലെ സ്വാതി അപ്പാര്‍ട്ട് മെന്റില്‍ 1250 ചതുരശ്ര അടിയുള്ള ഫ്ലാറ്റും ശ്രീവിദ്യയുടേതായുണ്ട്. ഇതൂകൂടാതെ കോര്‍പ്പറേഷന്‍ ബാങ്കിലും സഹകരണ ബാങ്കിലുമായി 15 ലക്ഷം രൂപയും പോസ്റ് ഓഫീസ് സേവിംങ്സ് ബാങ്കില്‍ മൂന്നു ലക്ഷം രൂപയുമുണ്ട്. 580 ഗ്രാം സ്വര്‍ണവും ഒന്നരക്കിലോ വെള്ളിയും കാര്‍ ഉള്‍പ്പെടെയുള്ള മറ്റ് വസ്തുക്കളും ഉള്‍പ്പെടുന്നതാണ് മൊത്തം സമ്പാദ്യം.
ജോലിക്കാരായിരുന്ന സഹദേവ്, സിദ്ദമ്മാള്‍, എന്നിവര്‍ക്ക് ഓരോ ലക്ഷം രൂപ വീതവും സഹോദരന്‍ ശങ്കരരാമന്റെ രണ്ട് ആണ്‍മക്കള്‍ക്കും അഞ്ച് ലക്ഷം വീതവും മാറ്റിവെച്ചിട്ടുണ്ട്. മറ്റുള്ള ബാധ്യതകളും ചെലവുകളും കഴിഞ്ഞ് ബാക്കിയുള്ള തുകമുഴുവന്‍ ചാരിറ്റബിള്‍ സൊസൈറ്റിയ്ക്കുള്ളതാണ്.












Click it and Unblock the Notifications